ഒരു വർഷം മുന്പ്, കൃത്യമായി പറഞ്ഞാൽ 2019 ഒാഗസ്റ്റ് 24, ലണ്ടനിലെ ലങ്കാഷയറിലുള്ള അക്രിംഗ്ടൺ സെമിത്തേരിയിൽ ചെന്നവർ ഒന്നു ഞെട്ടി. അലക്ഷ്യമായി ഒരു മൃതദേഹം കിടത്തിയിരിക്കുന്നു.
ഒന്നു കൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ കാര്യം പിടികിട്ടി. സാധാരണ മരിച്ച ഒരാളുടെ മൃതദേഹമല്ലിത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരിക്കുന്നതാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടിരിക്കുന്നത് ഒരു സ്ത്രീയാണ്.
വൈകാതെ തന്നെ മരിച്ച സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞു. ടീച്ചിംങ് അസിസ്റ്റന്റായ ലിൻഡ്സെ ബിർബെക്കാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒാഗസ്റ്റ് 12 മുതൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പുറത്തുപോയ ഇവർ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് കാണാതായത്.
സിസിടിവിയിൽ കുരുങ്ങി
പോലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്ന് പോലീസിന് ഒരു വേയ്സ്റ്റ് ബിൻ കൂടെ ലഭിച്ചിരുന്നു. നീല നിറത്തിലുള്ള വലിയ ഒരു വേയ്സ്റ്റ് ബാസ്്കറ്റായിരുന്നു അത്. മൃതദേഹം സെമിത്തേരിക്ക് സമീപം കൊണ്ടുവന്നത് അതിലായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ടു പോയത്. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നിർണായകമായ ഒരു വിവരം പോലീസിനു ലഭിച്ചു. ലിൻഡ്സെ ബിർബെക്ക് അവസാനമായി നടന്നു പോയ തെരുവിലൂടെ ഒരു കൗമാരക്കാരൻ മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചതിനു സമാനമായ ബാസ്കറ്റുമായി നടന്നുവരുന്നു.
ലിൻഡ്സെ കടന്നു പോയതിനു ശേഷം രണ്ടുമണിക്കൂർ കഴിഞ്ഞാണ് അവന്റെ വരവ്. കൗമാരക്കാരന്റെ യാത്രയുടെ ദിശ സെമിത്തേരിയുടെ ഭാഗത്തേക്കാണ്.
കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പോലീസിന് ഒരു കാര്യം വ്യക്തമായി. പിന്നീട് നിരവധി തവണ അയാൾ അതേവഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. സിസിടിവിയിലുള്ള ആളെ തിരിച്ചറിയനായി പോലീസിന്റെ പിന്നീടുള്ള ശ്രമം. വീഡിയോ ദൃശ്യം പുറത്തുവിട്ട പോലീസ് ആളെ തിരിച്ചറിയുന്നവർ വിവരം അറിയിക്കണമെന്നും പറഞ്ഞു.
അജ്ഞാതൻ…
ദൃശ്യങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ ഒരു കൗമാരക്കാരനെയും കൂട്ടി അയാളുടെ അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ എത്തി. തന്റെ മകന് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. റോക്കിയും കൊല്ലപ്പെട്ട ലിൻഡ്സെയുമായി യാതൊരു ബന്ധവും കണ്ടെത്താൻ പോലീസിനായില്ല. ഇതോടെ പോലീസ് ആകെ ആശയക്കുഴപ്പത്തിലായി.
എങ്കിലും മാതാപിതാക്കളോടൊപ്പമെത്തിയ റോക്കി മാർസിയാനോ പ്രൈസിനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഒരിക്കലും കൊലപാതകം ചെയ്തിട്ടില്ലെന്ന് റോക്കി ആവർത്തിച്ച് പറഞ്ഞു.
ചോദ്യം ചെയ്യലിന്റെ മൂന്നാമത്തെ ദിവസം പക്ഷെ ഒരു കാര്യം അയാൾ സമ്മതിച്ചു, മൃതദേഹം സെമിത്തേരിക്ക് സമീപം കൊണ്ടിട്ടത് താനാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു റോക്കി. ഒരു അജ്ഞാതൻ പണം നൽകാമെന്ന് പറഞ്ഞതിനെത്തുടർന്ന് താൻ മൃതദേഹം സെമിത്തേരിക്ക് സമീപം കൊണ്ടിടുകയായിരുന്നെന്നാണ് റോക്കി പോലീസിന് നൽകിയ മൊഴി.
മൃതദേഹം ഉപേക്ഷിക്കുന്ന സ്ഥലത്ത് വച്ച് പണം നൽകാമെന്നായിരുന്നു അജ്ഞാതന്റെ വാഗ്ദാനം. എന്നാൽ പണം ലഭിച്ചില്ല. അതുകൊണ്ടാണ് അടുത്തടുത്ത ദിവസങ്ങളിൽ മൃതദേഹം കൊണ്ടിട്ട സ്ഥലത്ത് വന്നതെന്നും റോക്കി പോലീസിനോട് പറഞ്ഞു.
പക്ഷേ പോലീസ് അന്വേഷണത്തിൽ അങ്ങനെയൊരു അജ്ഞാതനെ കേസിൽ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല. മാത്രമല്ല റോക്കിയുടെ ഡിഎൽഎ സാന്പിൾ അടക്കം പലതും മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് പോലീസിന് ലഭിക്കുകയും ചെയ്തു. റോക്കിയുടെ വാദങ്ങളെ വെറും കെട്ടുകഥകളായാണ് കോടതി കണ്ടത്. റോക്കിക്കുള്ള ശിക്ഷ എന്താണെന്ന് കോടതി ഇന്ന് വിധി പറയും.
അപ്പോഴും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു – റോക്കി പറഞ്ഞതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? അങ്ങനെയൊരു അജ്ഞാതനായ കൊലയാളിയാണോ പ്രതി? റോക്കിയാണ് കൊന്നതെങ്കിൽ എന്തിനുവേണ്ടിയാണ് കൃത്യം നടത്തിയത്?