ചങ്ങരംകുളം: യാത്രക്കാരില്ലാത്ത ബസില്‍ കയറിയ പെണ്‍കുട്ടികള്‍ ബഹളം വച്ചു. ബസ് ജീവനക്കാര്‍ പുലിവാലു പിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കുറ്റിപ്പുറത്ത് നിന്നു തൃശൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ലോകോളജില്‍ പഠിക്കുന്ന ചങ്ങരംകുളം സ്വദേശികളായ രണ്ടു പെണ്‍കുട്ടികള്‍ കയറുകയായിരുന്നു. ബസില്‍ മറ്റു യാത്രക്കാരില്ലാത്ത വിവരം കുട്ടികള്‍ ബസ് മുന്നോട്ട് പോയതോടെയാണ് അറിയുന്നത്. ഇതിനിടെ ബസ് കണ്ടക്ടര്‍ ഡ്രൈവറുടെ അടുത്ത് പോയിനില്ക്കുകയും ചെയ്തു.
പെണ്‍കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചത് ശ്രദ്ധയില്‍ പെടാതിരുന്ന ബസ് ജീവനക്കാര്‍ യാത്ര തുടരുകയായിരുന്നു. ബസ് നിര്‍ത്താതെ ഓടിത്തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ സുഹൃത്തുക്കളെ മൊബൈലില്‍ വിളിച്ച് ബസ് നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടെ എടപ്പാളിലെ സിഗ്നലില്‍ ബസ് നിര്‍ത്തിയതോടെ ഭയന്ന കുട്ടികള്‍ ബസില്‍ നിന്നു ചാടിയിറങ്ങുകയായിരുന്നു. ഇതൊന്നും അറിയാതെ എടപ്പാളില്‍ നിന്ന് മറ്റു യാത്രക്കാരെയും കയറ്റി ബസ് ചങ്ങരംകുളത്തെത്തി.
ഇതിനിടെ പെണ്‍കുട്ടികള്‍ വിവരമറിയിച്ചതിനനുസരിച്ചെത്തിയ സഹപാഠികള്‍ ചങ്ങരംകുളത്തെത്തി ബസ് തടഞ്ഞു ജീവനക്കാരെ ചോദ്യം ചെയ്തു. തര്‍ക്കമായതോടെ ചങ്ങരംകുളം പോലീസെത്തി ബസ് സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടികളെയും ബസ് ജീവനക്കാരെയും ചോദ്യം ചെയ്തു. പെണ്‍കുട്ടികള്‍ യാത്രക്കാരില്ലാത്ത ബസില്‍ കയറിയപ്പോഴുണ്ടായ പേടിയാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമെന്നും സംഭവം ബസ് ജീവനക്കാര്‍ അറിഞ്ഞിട്ടില്ലെന്നും മനസിലായതോടെയാണ് മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായത്. പരാതിയില്‍ കേസൊന്നും എടുത്തിട്ടില്ല.