കളമശേരി: അനധികൃത വൈദ്യുതി പോസ്റ്റിനെതിരേ വൈദ്യുതി മന്ത്രിയോട് പരാതി പറഞ്ഞ പേരിൽ വൈദ്യുതി ബോർഡ് ജീവനക്കാർ പരാതിക്കാരിയുടെ വീട്ടിൽ രാത്രിയെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കളമശേരി പോലീസ് കേസെടുത്തു. കളമശേരി നഗരസഭ കൂനംതൈ പീച്ചിങ്ങപ്പറമ്പിൽ റോഡിൽ 107-ാം നമ്പർ വീട്ടിലെ ഷീല ആന്റണിയെയാണ് മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി ഒന്പതോടെയാണ് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് ഷീല കളമശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വന്തം വീടിന് മുകളിലൂടെ വലിച്ചിട്ടുള്ള വൈദ്യുതി ലൈൻ മാറ്റിസ്ഥാപിച്ചു കിട്ടാൻവേണ്ടി ഷീല കഴിഞ്ഞ നാലു വർഷമായി പരിശ്രമത്തിലാണ്. “രാഷ്ട്രദീപിക’ വാർത്തയെത്തുടർന്ന് വൈദ്യുതിമന്ത്രി വിഷയത്തിൽ ഇടപെടുകയും പരാതി നേരിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിൽ എത്തിയ ജീവനക്കാർ വൈദ്യുതിലൈൻ പോകുന്ന വഴിയിലെ മരങ്ങൾ മുറിച്ചു നീക്കുമെന്നും പരാതിയിൽ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും പറഞ്ഞു. എൻജിനീയറോ അതിന് മുകളിൽ ഉള്ളയാളോ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്ന് കെഎസ്ഇബി ഡ്രൈവർ എന്ന് പരിചയപ്പെടുത്തിയയാൾ പറഞ്ഞതായും പരാതിയിൽ പറയുന്നു. മന്ത്രിയെ വിവരങ്ങൾ ഫോണിൽ വിളിച്ച് അറിയിച്ചതായി ഷീല പറഞ്ഞു. മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് ഭർത്താവിനൊപ്പം പോയി പരാതി നൽകിയത് . സംഭവത്തെക്കുറിച്ച് വിശദമായ പരാതി അയയ്ക്കാൻ മന്ത്രി എം.എം. മണി അറിയിച്ചതായും ഷീല പറഞ്ഞു.