ലിനിയ്ക്കുവേണ്ടി ഭര്‍ത്താവ് സജീഷിന് ആദരവര്‍പ്പിച്ച്, മക്കളെ വാരിപ്പുണര്‍ന്ന് ചുംബിച്ച് മമ്മൂട്ടി! നഴ്‌സ് ലിനിയുടെ ത്യാഗത്തിന്റെ ഓര്‍മ പുതുക്കുന്ന വീഡിയോ വൈറല്‍

മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഒരു മുഖമാണ്, നിപ്പ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനിയുടേത്. രോഗികള്‍ക്കിടയില്‍ മാലാഖയായി പ്രവര്‍ത്തിക്കുന്നതിനിടെ അകാലത്തില്‍ വിട പറഞ്ഞ ലിനിയ്ക്ക് സര്‍ക്കാര്‍ ആദരവര്‍പ്പിച്ചത്, ലിനിയുടെ എക്കാലത്തെയും സ്വപ്‌നമായിരുന്ന സര്‍ക്കാര്‍ ജോലി ഭര്‍ത്താവ് സജീഷിന് നല്‍കിയാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ചെലവും വിവിധ സംഘടനകളും സര്‍ക്കാരും ഏറ്റെടുത്തിരുന്നു.

വീണ്ടും ഒരിക്കല്‍ക്കൂടി ലിനിയെ ഓര്‍മിക്കാനുള്ള അവസരമായിരുന്നു ഇക്കഴിഞ്ഞ ദിവസം ഉണ്ടായത്. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ഡോക്‌ടേഴ്‌സ് അവാര്‍ഡ് ചടങ്ങില്‍ ഭര്‍ത്താവ് സജീഷിനും മക്കള്‍ക്കും നല്‍കിയ ആദരവിലൂടെയായിരുന്നു അത്. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മമ്മൂട്ടിയാണ് സജീഷിനും മക്കള്‍ക്കുമായി പുരസ്‌കാരം സമര്‍പ്പിച്ചത്.

ലിനിയുടെ മകനെ വാരിപ്പുണര്‍ന്ന് ചുംബിക്കുകയും ചെയ്തു അദ്ദേഹം. ലിനിയുടെ നന്മയെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹറൈനിലെ ഒരുമ കൂട്ടായ്മ സമാഹരിച്ച ഒന്നര ലക്ഷം രൂപയും ലിനിയുടെ ഭര്‍ത്താവ് സജീഷ് കൈമാറി. ആദരവ് ഏറ്റു വാങ്ങിയശേഷം സജീഷ് നടത്തിയ പ്രസംഗവും ആളുകളുടെ കണ്ണിനെ ഈറനണിയിച്ചു. ഒറ്റപ്പെടലിലും വിഷമ സമയത്തും കൂടെ നിന്ന് ആശ്വസിപ്പിച്ച പ്രിയപ്പെട്ടവര്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും സര്‍ക്കാരിനും സജീഷ് ചടങ്ങില്‍ നന്ദി പറഞ്ഞു.

മിനേഷ് രാമനുണ്ണി എന്ന വ്യക്തി പകര്‍ത്തിയ ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചില കാഴ്ചകള്‍ മാത്രം മതി ഒരു ദിവസം മനോഹരമാക്കാന്‍ എന്ന തലക്കെട്ടോടെയുള്ള വീഡിയോ ലിനിയുടെ ത്യാഗത്തിന്റെ ഓര്‍മ പുതുക്കലാവുകയാണ്.

Related posts