ഭൂമിയിലെ മാലാഖമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് രോഗീപരിചരണത്തിന്റെ ഭാഗമായി പലതും ഉപേക്ഷിക്കേണ്ടി വരാറുണ്ട്. കുടുംബാംഗങ്ങളോടൊപ്പമുള്ള സമയം ചെലവഴിക്കലും ആഘോഷങ്ങളില്‍ പങ്കെടുക്കലും തുടങ്ങി ചിലപ്പോള്‍ ജീവന്‍ പോലും ത്യജിക്കേണ്ടതായി വന്നേക്കാം. അത്തരത്തില്‍ താന്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നവര്‍ക്കുവേണ്ടി ജീവന്‍ ത്യജിച്ച നഴ്‌സാണ് ലിനി.
കോഴിക്കോട് നിപ്പാ താണ്ഡവമാടിക്കൊണ്ടിരുന്ന സമയത്ത് നിപ്പാ ബാധിച്ച രോഗികളെ ശുശ്രൂഷിക്കുകയും അതുവഴിയായി രോഗം ബാധിക്കുകയും പിന്നീട് ഈ ലോകത്തോട് തന്നെ യാത്ര പറയുകയുമായിരുന്നു ലിനി. എന്നാല്‍ നിപ്പായുടെ അവസരത്തില്‍ മാത്രമായിരുന്നില്ല ലിനി ആത്മാര്‍ത്ഥത കാണിച്ചതെന്നും മാറാരോഗികളെയും ഒറ്റപ്പെട്ടു പോയവരെയും പരിചരിക്കാനും, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ലിനി എക്കാലവും മനസ്സുള്ളവളായിരുന്നു എന്നാണ് ഭര്‍ത്താവ് സജീഷ് സാക്ഷ്യപ്പെടുത്തുന്നത്. ഈ പെണ്‍ക്കരുത്തിന്റെ ഓര്‍മ്മകള്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവ് സജീഷ് പങ്കുവച്ചത്.
‘വിവാഹം കഴിഞ്ഞ സമയത്തായിരുന്നു സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കേരള സ്റ്റേറ്റ് എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഒരു പ്രൊജക്ട് വന്നത്. ലിനി അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എച്ച്‌ഐവി ബാധിതര്‍ ഉള്ള സ്ഥലത്തുപോയി മെഡിക്കല്‍ ക്യാമ്പു നടത്തണം. രക്ത പരിശോധനയും മരുന്നു കൊടുക്കലുമൊക്കെയുണ്ടായിരുന്നു.
അവിടെയുള്ള ലൈംഗിക തൊഴിലാളികള്‍ക്കുള്ള കോണ്ടം, രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എല്ലാം വിതരണം ചെയ്യും. അവരോടെല്ലാം നല്ല രീതിയിലാണ് ഇടപെട്ടിരുന്നത്. വീട്ടില്‍ വരുമ്പോള്‍ എന്നോട് പറയും. ”അവരൊക്കെ പാവങ്ങളാ സജീഷേട്ടാ. അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും.” ലിനി ജോലി കഴിഞ്ഞ് ബസ് കയറാനായി സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ലൈംഗിക തൊഴിലാളികള്‍ വന്ന് സ്നേഹം കാണിക്കും. ഇതുകണ്ട് പലരും ഇവളും അവരുടെ കൂട്ടത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ച് കമന്റൊക്കെ പറയും. ഇങ്ങനെ പലതവണ ലിനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്. പക്ഷേ അവളതു കേട്ട് വിഷമിച്ചിട്ടൊന്നുമില്ല. അവരോട് മിണ്ടാതെയിരിക്കുകയുമില്ല.
ഒന്നര വര്‍ഷമുണ്ടായിരുന്നു ആ ജോലി. പിന്നീടാണ് മിംസിലേക്ക് മാറിയത്. അവിടെ കാര്‍ഡിയാക്ക് ഐസിയുവിലായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ മുന്നില്‍ നില്‍ക്കാനും കാര്യങ്ങള്‍ ചെയ്തിരുന്നതുമെല്ലാം അവളാണ്. കൂടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ വീട്ടില്‍ വരുമ്പോള്‍ സംസാരിക്കുന്നതില്‍ നിന്നറിയാം അവള്‍ അവരുടെ നേതാവാണെന്ന്. ഡോക്ടര്‍മാര്‍ക്കും വലിയ കാര്യമായിരുന്നു.’ സജീഷ് പറഞ്ഞുനിര്‍ത്തുന്നു.