ന്യൂഡൽഹി: നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനി ഇന്ത്യക്കാരുടെ “ഹീറോ’ ആണെന്ന് ലോകമാധ്യമങ്ങൾ. ബിബിസി, ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഗൾഫ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ലിനി വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കാൻ കാണിച്ച മനസിനെ അഭിനന്ദിച്ചാണ് വാർത്ത നൽകിയിരിക്കുന്നത്.
ലിനി അവസാനമായി ഭര്‍ത്താവിനെഴുതിയ കത്തും മാധ്യമങ്ങൾ നൽകിയിട്ടുണ്ട്.
“സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല…സോറി…, പാവം കുഞ്ചു, അവനെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്.. വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ…” എന്നായിരുന്നു ലിനി എഴുതിയ കത്തിലെ വരികൾ.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി (31) തിങ്കളാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. പതിവുപോലെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയും ലിനി ആശുപത്രിയിലേക്കു പോയതായിരുന്നു. വൈകിട്ട് ആറിനായിരുന്നു ജോലിക്കു കയറിയത്.
നിപ്പാ വൈറസ് ബാധിച്ചിരുന്ന മൂന്നു പേർ അവിടെ ചികിത്സയിലുണ്ടായിരുന്നു. ലിനിയായിരുന്നു രാത്രിയില്‍ ഇവരെ പരിചരിച്ചത്. രാവിലെ ആയപ്പോഴേക്കും ലിനിക്കും പനി തുടങ്ങി. പനി കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗള്‍ഫിലുള്ള സജീഷിനെ വിഡിയോ കോള്‍ ചെയ്തിരുന്നു.
എന്നാല്‍, അസുഖം അത്രയ്ക്കു ഗുരുതരമാണെന്ന് സജീഷ് അപ്പോൾ അറിഞ്ഞിരുന്നില്ല. മെഡിക്കല്‍ കോളജിൽ പരിശോധിച്ച ഡോക്ടറോട് ലിനി തനിക്കു നിപ്പാ ബാധിച്ചിട്ടുണ്ടാകാമെന്ന് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ലിനിയെ ഐസൊലേറ്റഡ് വാര്‍ഡിലേക്കു മാറ്റിയിരുന്നു.
ലിനിയെ കാണാന്‍ അമ്മയും സഹോദരിമാരും ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍, ആരെയും അടുത്തേക്കു വരാന്‍ ലിനി സമ്മതിച്ചില്ല. രോഗം ഗുരുതരമാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് സജീഷ് ബഹ്റനില്നിന്നു നാട്ടിലെത്തി ഐസൊലേറ്റഡ് ഐസിയുവില്‍ കയറി ലിനിയെ കാണുകയും സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്.
സോഷ്യല്‍ മീഡിയയില്‍ ലിനിയുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ലിനിയുടെ ഫോട്ടോ വാട്സ് ആപ് പ്രൊഫൈലാക്കിയും സ്റ്റാറ്റസാക്കിയുമാണ് സോഷ്യൽ മീഡിയ ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
അതേസമയം എബോളയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ വാട്സ്ആപ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് വിശ്വസിക്കരുത് എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും പ്രമുഖ ആശുപത്രികളും ഒക്കെ രംഗത്ത് വന്നത് ഒരു പരിധി വരെ സഹായമാകുന്നുണ്ട്.