ആലുവ: തായിക്കാട്ടുകരയിൽ ഒറ്റയ്ക്കു താമസിക്കുന്ന മധ്യവയസ്ക്കയുടെ വീട്ടിൽനിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി വീട്ടുടമയെ പറ്റിച്ചത് വീട് വാടകയ്ക്കെടുത്ത് വിശ്വാസം പിടിച്ചുപറ്റിയ ശേഷം.
പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന ബേബി (26)യെയാണ് ആലുവ ഈസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഏപ്രിലിലായിരുന്നു സംഭവം.
മധ്യവയസ്കയുടെ വീടിന്റെ ഒരു ഭാഗത്ത് ഇവരും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മെഡിക്കൽ ഗോഡൗണിൽ രണ്ടു പേർക്കും ജോലിയെന്നാണ് പറഞ്ഞിരുന്നത്.
വീട്ടുടമയുടെ വിശ്വാസം നേടിയെടുത്ത യുവതി ആരുമില്ലാതിരുന്ന സമയത്ത് പ്രത്യേക വലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർച്ച നടത്തുകയായിരുന്നു.
ആലുവയിലെ ജ്വല്ലറിയിൽ സ്വർണം വിറ്റശേഷം യുവതി ഒളിവിൽ പോയി. ഇവർ വിറ്റ സ്വർണം കണ്ടെടുത്തതായി സിഐ സി.എൽ. സുധീർ പറഞ്ഞു.