തൊടുപുഴ: ഒരാഴ്ചയായി നെഞ്ചിലടക്കിപ്പിടിച്ച നൊന്പരവുമായി ലിനോ ആബേൽ കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ പിതാവിന്റെ കല്ലറയിൽ മെഴുകുതിരികൾ കൊളുത്തി.
കോവിഡ് – 19 പരിശോധനാ ഫലം നെഗറ്റീവ് ആണെന്നറിഞ്ഞതോടെ ലിനോ ഇന്നലെ വീട്ടിലെത്തി. രോഗമില്ലെന്നറിഞ്ഞ ആഹ്ലാദത്തെക്കാളുപരി പ്രിയപ്പെട്ട അച്ചാച്ചൻ തൊട്ടടുത്തുണ്ടായിട്ടും അവസാനമായി കാണാൻ കഴിഞ്ഞില്ലെന്ന വേദനയോടെയാണ് ലിനോ ഇന്നലെ വീട്ടിലെത്തിയത്.
ഫലം നെഗറ്റീവായതോടെ ഒപ്പം നിന്നവർക്കും പിന്തുണ നൽകിയവർക്കും നന്ദി പറഞ്ഞാണ് ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലെ 205-ാം നന്പർ മുറിയിൽനിന്നു വീട്ടിലേക്കു യാത്രയായത്.
പിതാവ് കോട്ടയം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിനു സമീപത്തുതന്നെ ചികിത്സയിൽ കഴിഞ്ഞപ്പോഴും പിന്നീട് മരിച്ചപ്പോഴും അദ്ദേഹത്തെ കാണാൻ കഴിയാത്തതിലുള്ള വേദന തൊടുപുഴ ആലക്കോട് തോണിക്കല്ലേൽ ലിനോ ആബേൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതു സമൂഹം ഏറ്റെടുത്തിരുന്നു.
ഖത്തറിൽനിന്നു പനി ലക്ഷണങ്ങളോടെ എത്തിയതിനാൽ ഐസോലേഷനിൽ കഴിയേണ്ടി വന്നതുകൊണ്ടാണ് ലിനോയ്ക്കു പിതാവിനെ കാണാനാകാതെ പോയത്.
ആരെയും അറിയിക്കാതെ വേണമെങ്കിൽ പിതാവിനെ കാണാമായിരുന്നിട്ടും സാമൂഹ്യ പ്രതിബദ്ധത കാട്ടിയ ലിനോയുടെ കരുതലിനെ മുഖ്യമന്ത്രിയും പ്രശംസിച്ചിരുന്നു.
ഇന്നലെ വീട്ടിലെത്തി സമയം പാഴാക്കാതെ പിതാവിനെ അടക്കം ചെയ്ത സെന്റ് മേരീസ് പള്ളി സെമിത്തേരിയിലേക്കാണു പോയത്. വൈകുന്നേരം അഞ്ചോടെ കല്ലറയിലെത്തി മെഴുകുതിരികൾ കത്തിച്ചു പ്രാർഥിച്ചു.
പള്ളി വികാരി ഫാ.ജേക്കബ് തലാപ്പള്ളിൽ കല്ലറയിൽ ഒപ്പീസ് ചൊല്ലിയും ലിനോയുടെ പ്രാർഥനയിൽ പങ്കുചേർന്നു. കട്ടിലിൽനിന്നു വീണു പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന പിതാവ് ആബേലിനെ കാണാൻ ഖത്തറിൽനിന്ന് ആശുപത്രിയിലെത്തിയ ലിനോ രോഗബാധയുണ്ടെന്ന സംശയത്തെത്തുടർന്നു സ്വയം ഐസൊലേഷൻ വാർഡിലെത്തുകയായിരുന്നു.
പിറ്റേന്നു രാവിലെ മരിച്ച പിതാവിനെ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വാർഡിൽതന്നെ കഴിഞ്ഞു. ഇന്നലെ രാവിലെ 11 ഓടെയാണ് രോഗബാധയില്ലെന്ന പരിശോധനഫലം പുറത്തുവന്നത്.
ഡിസ്ചാർജ് ചെയ്ത ഉടൻതന്നെ നാട്ടിലേക്കു തിരിക്കുകയും ചെയ്തു. എന്തിനാണ് നാം പേടിക്കുന്നത്. നമ്മൾ ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടു പോകും… ആശുപത്രിമുറി വിടും മുൻപ് ലിനോ കേരളത്തിനായി ഒരിക്കൽകൂടി കുറിച്ച വാക്കുകളാണിത്.