ലോകത്തിന്റെ ശ്രദ്ധ മുഴുവനും ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിലെ സംരക്ഷണകേന്ദ്രത്തിലെ രണ്ടു സിംഹക്കുട്ടികളിലാണ്. കഴിഞ്ഞ ദിവസമാണ് ഇവിടത്തെ സിംഹ സംരക്ഷണകേന്ദ്രം ഈ സിംഹക്കുട്ടികളെ ലോകത്തിനു മുന്പിൽ അവതരിപ്പിച്ചത്.
കാഴ്ചയിൽ മറ്റു സിംഹക്കുട്ടികളേപ്പോലെതന്നെയെങ്കിലും ഇവരുടെ ജനനത്തിലാണ് പ്രത്യേകത. ലോകത്തിൽ ആദ്യമായി കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മംകൊണ്ട സിംഹക്കുട്ടികളാണിവയെന്ന് യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ അവകാശപ്പെട്ടു.
ആഫ്രിക്കൻ പെൺസിംഹങ്ങളുടെ പ്രത്യുത്പാദനസംവിധാനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റിയാണിത്. ഓഗസ്റ്റ് 25നാണ് സിംഹക്കുട്ടികളുടെ ജനനം. 18 മാസത്തെ ഗവേഷണത്തിനുശേഷമാണ് പദ്ധതി വിജയകരമായതെന്ന് ഗവേഷക സംഘത്തിന്റെ മേധാവി ആൻഡ്രി ഗാൻസ്വിഡ് പറഞ്ഞു. ശ്രമം വിജയകരമായതോടെ മാർജാര വംശത്തിൽ വംശനാശഭീഷണിയുള്ളവയ്ക്ക് കൃത്രിമ ഗർഭധാരണം സാധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
26 ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് സിംഹങ്ങൾ തുടച്ചുനീക്കപ്പെട്ടതായാണ് കണക്കുകൾ. രണ്ടു പതിറ്റാണ്ടുകൾക്കൊണ്ട് എണ്ണത്തിൽ 43 ശതമാനം കുറവുമുണ്ടായിട്ടുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐഎൻസിഎൻ) കണക്കുകൾപ്രകാരം ഇനി 20,000 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിൽ ആഫ്രിക്കൻ സിംഹങ്ങൾ വംശനാശ സാധ്യതാപട്ടികയിലാണ്.