താൻ വളർത്തുന്ന നൂറ്റിയഞ്ച് ആടുകളെ കൊന്ന രണ്ടു സിംഹങ്ങളിലൊന്നിനെ ആട്ടിടയൻ കുത്തിക്കൊന്നു. കെനിയയിലെ മാസായ് മാറ ദേശിയ പാർക്കിനു സമീപമാണ് സംഭവം. പൂലർച്ചെ നാലിനാണ് കയൂകോ ഒലെയ് കാസ്മയ് എന്നയാൾ കൂടിനുള്ളിൽ നിന്നും ആടുകളുടെ കരച്ചിൽ കേട്ട് എഴുന്നേറ്റത്.
കൂടിനുള്ളിൽ എത്തിയ അദ്ദേഹം കണ്ടത് അതിനുള്ളിൽ നിൽക്കുന്ന ഒരു ആണ് സിംഹത്തെയും പെണ് സിംഹത്തെയുമായിരുന്നു. കണ്ട മാത്രയിൽ തന്നെ പെണ്സിംഹം അദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നു. പേടിച്ചു പോയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത അദ്ദേഹം തന്റെ കൈയ്യിലിരുന്ന കുന്തം ഉപയോഗിച്ച് സിംഹത്തെ ആക്രമിക്കുകയായിരുന്നു. അൽപ്പ നേരത്തെ പോരാട്ടത്തിനൊടുവിൽ പെൺ സിംഹം കൊല്ലപ്പെട്ടു. ഈ സമയം ആണ് സിംഹം ഇരുട്ടിലേക്ക് ഓടിയൊളിക്കുകയും ചെയ്തു.
ഏകദേശം പത്ത് ലക്ഷത്തോളം കെനിയൻ രൂപയുടെ നഷ്ടം ഇദ്ദേഹത്തിനുണ്ടായെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതിനു ശേഷം കയൂകോയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് വന്യജീവി വകുപ്പ് അറിയിച്ചു. മാത്രമല്ല സിംഹത്തെ കൊന്നത് ആത്മരക്ഷാർത്ഥമാണെന്നു തെളിഞ്ഞാൽ കയൂകോയ്ക്ക് എതിരെ നിയമ നടപടി ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
പാരന്പര്യമായി സിംഹങ്ങളെ വേട്ടയാടുന്ന ഗോത്രവർഗത്തിലെ അംഗമാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ ചെറുപ്പത്തിലേ തന്നെ സിംഹങ്ങളെ നേരിടുവാനുള്ള പരിശീലനം കയൂകോയ്ക്ക് ലഭിച്ചിരുന്നു. ഇതാണ് സിംഹത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെടുവാൻ അദ്ദേഹത്തിന് പ്രചോദനമായത്. എനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ മരണം സുനിശ്ചിതമാകുമായിരുന്നുവെന്നും കയൂകോ പറയുന്നു.