ആഫ്രിക്കൻ രാജ്യങ്ങളിൽ ആളുകൾ പട്ടിണികൊണ്ട് മരിക്കുന്ന വാർത്തകൾ പലപ്പോഴും കാണാറുണ്ട്. ആളുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ മൃഗങ്ങളുടെ കാര്യം പറയാനുണ്ടോ?
നൈജീരിയയിലെ കഡൂണയിലുള്ള ഗംജി ഗേറ്റ് മൃഗശാലയിലെ മൃഗങ്ങളുടെ ദൃശ്യങ്ങൾ അടുത്തയിടെ പുറത്തുവന്നിരുന്നു.
പട്ടിണിയിൽ വലഞ്ഞ് എല്ലും തോലുമായി മൃഗങ്ങൾ! ഇവിടം സന്ദർശിക്കാനെത്തിയ ആളാണ് രഹസ്യമായി മൃഗങ്ങളുടെ ദൃശ്യം പകർത്തി പുറംലോകത്തെ അറിയിച്ചത്.
മൃഗശാലയിലെത്തിയ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി പട്ടിണിക്കോലമായ സിംഹത്തെ കണ്ട് ഞെട്ടിയെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
സിംഹം മാത്രമല്ല മറ്റു ജീവികൾക്കും ആവശ്യമായ ആഹാരമൊന്നും അധികൃതർ നൽകുന്നില്ലെന്ന് അവയെ കണ്ടപ്പോൾ മനസിലായെന്ന് ഇയാൾ പറയുന്നു. പതി ജീവനോടെയാണ് മൃഗങ്ങളെ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഒരു ഡോളറാണ് മൃഗശാലയിലേക്കുള്ള ടിക്കറ്റ് നിരക്ക്.
മൃഗങ്ങളുടെ ശോചനീയമായ അവസ്ഥ കണ്ട് പുറത്തെത്തിയ ആൾ ഉടൻ തന്നെ മൃഗസംരക്ഷണ സംഘടനയിൽ വിളിച്ച് വിവരമറിയിച്ചു. സിംഹത്തെ ഉടൻ തന്നെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഷാഡോ എന്നു പേരു നൽകിയിരിക്കുന്ന സിംഹത്തിന് വിദഗ്ധ ചികിത്സ നൽകിത്തുടങ്ങി. മറ്റ് മൃഗങ്ങളെയും മൃഗശാലയിൽ നിന്നും ആദ്യം സംരക്ഷണ കേന്ദ്രത്തിലേക്ക് നീക്കാനാണ് ശ്രമം. ആരോഗ്യം വീണ്ടെടുത്ത ശേഷം അവയെ വന്യജീവി സങ്കേതത്തിലേക്ക് വിടും.