മൃഗശാലാ ജീവനക്കാരുടെ ജീവിതം എന്നും മുള്‍മുനയിലാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് മെക്‌സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനത്തെ നിക്കോളാസ് ബ്രാവോ മൃഗശാലയില്‍ നടന്ന ദാരുണ സംഭവം. സിംഹക്കൂട് വൃത്തിയാക്കാനെത്തിയ മൃഗശാല ജീവനക്കാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇയാളെ കൊന്ന സിംഹം ശരീരഭാഗങ്ങള്‍ ഭക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂട് അടയ്ക്കുന്നതില്‍ പറ്റിയ പിഴവാണ് ഇയാളുടെ മരണത്തിനു കാരണമായതെന്നാണു കരുതുന്നത്. ഗുസ്താവോ സെറാനോ കാര്‍ബജാല്‍ എന്ന 28 കാരനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഏഴു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരുന്ന ഗുസ്താവോയെ 22 വയസ്സുള്ള കിംബ എന്ന ആണ്‍ സിംഹമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്.കാര്‍ബജാലിന്റെ കഴുത്തിലാണ് സിംഹത്തിന്റെ ആഴത്തിലുള്ള കടിയേറ്റത്. സിംഹം പുറകില്‍ നിന്നാണ് ആക്രമിച്ചതെന്നും ആദ്യത്തെ കടിയില്‍ തന്നെ കഴുത്തൊടിഞ്ഞ് കാര്‍ബജാല്‍ മരിച്ചിരിക്കാമെന്നുമാണ് നിഗമനം. ശബ്ദം കേട്ട് സഹപ്രവര്‍ത്തകരെത്തുമ്പോള്‍ സിംഹക്കൂട്ടില്‍ ചോരവാര്‍ന്നു മരിച്ചു കിടക്കുന്ന കാര്‍ബജാലിനെയാണ് കണ്ടത്. കൂട്
വൃത്തിയാക്കുമ്പോള്‍ സിംഹത്തെ മാറ്റി നിര്‍ത്താറുള്ള സമീപത്തെ കൂടിന്റെ പൂട്ട് തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെയാണ് കൂട് ശരിയായി അടയ്ക്കാന്‍ മറന്നതാകാം അപകടത്തിനു കാരണമായതെന്ന നിഗമനത്തില്‍ എത്തിയത്. ശ്രദ്ധക്കുറവു മൂലമുണ്ടായ ദുരന്തമായതിനാല്‍ സിംഹത്തെ അപായപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കിംബ പൊതുവെ ശാന്ത സ്വഭാവിയാണെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കി. മൃഗശാല ജീവനക്കാരന്‍ മരിച്ചു കിടക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.