വിവാഹത്തിന് ഫോട്ടോഷൂട്ടില്ലാതെ എന്താഘോഷം എന്നാണ് ഇപ്പോഴത്തെ തലമുറയുടെ ചോദ്യം. ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാൻ എന്തു റിസ്കും, ഏതു വസ്ത്രം ധരിക്കാനും അവർക്ക് യാതൊരുമടിയുമില്ല.
ഫോട്ടോഷൂട്ടിനുവേണ്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ പലനവദന്പതിമാരും സോഷ്യൽ മീഡിയായുടെ പരിഹാസത്തിനും കളിയാക്കലിനും വിധേയരാകേണ്ടി വന്നിട്ടുമുണ്ട്.
ഇപ്പോഴിത ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവമാണ് സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം.
മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കിക്കിടത്തിയാണു ഫോട്ടോഷൂട്ടിന് ഉപയോഗിച്ചതെന്നാണ് ആരോപണം.
ഫോട്ടോഷൂട്ടിന്റെ വീഡിയോ പാക്കിസ്ഥാനില്‍ വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് ദ വൈല്‍ഡ് എന്ന സംഘടനയാണ് ട്വിറ്ററിൽ പങ്കുവച്ചത്.
മയക്കിക്കിടത്തിയ സിംഹക്കുട്ടിയുടെ മുകളിലായി വധുവും വരനും കൈകൾ കോർത്തുപിടിച്ച് ഇരിക്കുന്നതും ഫോട്ടോഗ്രഫറുടെ നിർദേശങ്ങൾ അനുസരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഫോട്ടോഷൂട്ടിനെതിരേ സാമൂഹ്യ പ്രവർത്തകരും മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തുകയായിരുന്നു.
ഇത്രയും ചെറിയൊരു സിംഹക്കുട്ടിയെ മരുന്നു നൽകി മയക്കുകയും വെറുമൊരു കളിപ്പാട്ടം പോലെ ഷൂട്ടിന് ഉപയോഗിക്കുകയും ചെയ്തത് അതിക്രൂരമായ പ്രവൃത്തിയാണെന്നും ഇതിനെതിരെ ശക്തമായി നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം.
അഫ്സല് എന്ന സ്റ്റുഡിയോയിലാണ് ഫോട്ടോഷൂട്ട് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തങ്ങളുടെ ഒരു സുഹൃത്തിന്റേതാണ് സിംഹക്കുട്ടിയെന്നും അദ്ദേഹം സ്റ്റുഡിയോയിലേക്ക് വന്നപ്പോള്‍ അതിനെ കൊണ്ടുവന്നതാണെന്നുമാണ് സ്റ്റുഡിയോ നടത്തിപ്പുകാര്‍ പറയുന്നത്.
സിംഹക്കുട്ടിയെ സ്റ്റുഡിയോയിലേക്ക് കൊണ്ടുവന്നപ്പോള്‍ ദമ്പതിമാരും അവിടെ ഉണ്ടായിരുന്നു. അതിനാല്‍ സിംഹക്കുട്ടിയ്ക്കൊപ്പം കുറച്ച് ചിത്രങ്ങള്‍ പകർത്തുകയായിരുന്നത്രേ.