കാമുകിയുടെ മുന്നിൽ ഷോ കാണിക്കാൻ കാമുകൻമാർ പല പരിപാടികളും ചെയ്യാറുണ്ട്. ചില മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തങ്ങളാൽ കഴിയുന്നതൊക്കെ കാട്ടിക്കൂട്ടാറുണ്ട്. ചിലപ്പോൾ വിജയിക്കും ചിലപ്പോൾ അത് മുട്ടൻ പരാജയത്തിലും അവസാനിക്കും. അത്തരത്തിലൊരു പരാജയ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ഉസ്ബെക്കിസ്ഥാനിലെ പാർക്കന്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനായ കാമുകൻ കാമുകിയുടെ മുൻപിൽ ആളാകാൻ കാമറയുമായി സിംഹക്കൂട്ടിൽ കയറി. 44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് ഷൈൻ ചെയ്യാനായി സിംഹ കൂട്ടിൽ കയറിയത്. മൂന്നു സിംഹങ്ങൾ ആയിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത്.
കൂടിനുള്ളിൽ കടന്ന ഇയാൾ വളരെ ആത്മ വിശ്വാസത്തോടെയാണ് നിന്നത്. എന്നാൽ പെട്ടന്നാണ് സിംഹങ്ങൾ അവരുടെ സ്വഭാവം പുറത്തെടുത്തത്. സിംഹങ്ങൾ ഇയാളെ കൊലപ്പെടുത്തുകയും ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തു. ഭയാനകമായ ആക്രമണത്തെ തുടർന്ന് മൃഗങ്ങളിൽ ഒന്നിനെ രക്ഷാപ്രവർത്തകർ വെടിവെച്ച് കൊലപ്പെടുത്തുകയും ബാക്കി രണ്ടെണ്ണം ശാന്തമാവുകയും ചെയ്തു. രണ്ടു സിംഹങ്ങളെ മറ്റൊരു പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും മൃഗശാല അധികൃതർ അറിയിച്ചു.