ആണ്സിംഹങ്ങളെയും പെണ് സിംഹങ്ങളെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയും. ആണ് സിംഹങ്ങൾക്കാണെങ്കിൽ തലയിൽ സടയുണ്ട് പെണ് സിംഹങ്ങൾക്ക് സടയില്ല. എന്നാൽ ഈ ചരിത്രം തിരുത്തിഎഴുതുകയാണ് അമേരിക്കയിലെ ഒക്കലഹോമയിലുള്ള ഒരു മൃശാലയിലെ പെണ്‍സിംഹം.
ബ്രിഡ്ജെറ്റ് എന്ന ആഫ്രിക്കക്കാരി സിംഹത്തിന് സടയുണ്ട്. ജനിച്ചപ്പോൾ മുതൽ ഇങ്ങനെയൊന്നുമായിരുന്നില്ല. ജനിച്ച് തന്റെ 18-ാം വയസുവരെ നല്ല ലക്ഷണമൊത്തൊരു പെണ്സിംഹമായിത്തന്നെയാണ് ബ്രിഡ്ജെറ്റ് അറിയപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി തലയിലും മുഖത്തുമെല്ലാം രോമങ്ങൾ നീണ്ടുവരുകയായിരുന്നു.
കഴിഞ്ഞ വർഷം അവസാനമാണ് ബ്രിഡ്ജെറ്റിന്റെ കഴുത്തിലും തലയുടെ വശങ്ങളിലും അസാധാരണമായ രോമവളർച്ച ഇവളുടെ കെയർടേക്കർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേക്കുറിച്ച് മൃഗശാലയിലെ ഡോക്ടറോട് പറഞ്ഞെങ്കിലും പെട്ടെന്നുള്ള ഈ രോമവളർച്ചയുടെ കാരണം അദ്ദേഹത്തിനും അജ്ഞാതമായിരുന്നു.
ഹോർമോണുകളിൽ ഉണ്ടായ വ്യതിയാനമാകാം ഈ അപൂർവ പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നു. അമിത രോമ വളർച്ചയല്ലാതെ ബ്രിഡ്ജെറ്റിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു.