കാട്ടാക്കട: നെയ്യാർ സിംഹ സഫാരി പാർക്കിലെ ഏക സിംഹമായ ബിന്ദു ഇന്ന് രാവിലെ ചത്തു. 21 വയസ് പ്രായമുള്ള സിംഹം രാവിലെ ആറിനാണ് ചത്തത്.
വാർധക്യം മൂലമാണ് മരിച്ചതെന്ന് വനം വകുപ്പ് പറയുന്നു. പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. സിംഹ സവാരി പാർക്കിൽ ഇനി സിംഹം ഇല്ല.
ചികിത്സയ്ക്കായി കൊണ്ടുവന്ന രണ്ടു കടുവകളാണ് ഇപ്പോൾ ഇവിടുള്ളത്. കഴിഞ്ഞ മേയ് 18 നാണ് നാഗരാജൻ എന്ന സിംഹം ചത്തത്. സഫാരി പാർക്കിൽ ജനിച്ച സിംഹമാണ് ബിന്ദു.
ഇനി സഫാരി പാർക്ക് ഓർമയിൽ ഒതുങ്ങുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഇവിടേക്ക് എഷ്യൻ വംശജരായ സിംഹങ്ങളെ കൊണ്ടുവരാൻ തീരുമാനിച്ചത് പ്രകാരം ഗുജറാത്തിൽ നിന്നും രണ്ടു സിംഹങ്ങളെ എത്തിച്ചിരുന്നു.
ആ രണ്ടു സിംഹങ്ങളും ചത്തു. ഇനി പാർക്ക് നവീകരിക്കുമോ അടച്ചു പൂട്ടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.