സിംഹങ്ങളെ അനധികൃതമായി കൂട്ടിലിട്ടു വളര്‍ത്തിയ യുവാവിനെ സിംഹങ്ങള്‍ കടിച്ചു കൊന്നു ! ഇയാള്‍ സിംഹങ്ങളെ വാങ്ങിയത് ഈയൊരു കാര്യം മനസ്സില്‍ കണ്ട്…

സിംഹങ്ങളെ അനധികൃതമായി കൂട്ടിലിട്ടു വളര്‍ത്തിയ യുവാവിന് സിംഹങ്ങളുടെ കൈകൊണ്ടു തന്നെ ദാരുണാന്ത്യം. ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. മൈക്കല്‍ പ്രാസേക്ക്(34) എന്ന യുവാവിനെയാണ് സിംഹം കടിച്ചു കൊന്ന നിലയില്‍ വീട്ടുമുറ്റത്തെ സിംഹകൂട്ടില്‍ കണ്ടെത്തിയത്. കൂട് ഉള്‍വശത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സിംഹത്തെ വീട്ടില്‍ സൂക്ഷിക്കുന്നതിനെ ചൊല്ലി പ്രാദേശിക അധികൃതരുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് മൈക്കലിന്റെ മരണം.

പ്രാസേക്ക് ഒമ്പത് വയസ്സുള്ള ആണ്‍സിംഹത്തിനെ 2016ലാണു സ്ലോവാക്യയില്‍ നിന്നു വാങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒരു പെണ്‍സിംഹത്തെയും വാങ്ങിയിരുന്നു. സിംഹങ്ങളെ ഇണചേര്‍ത്തു പ്രത്യുല്‍പാദനം നടത്തുകയെന്നതായിരുന്നു പ്രാസേക്കിന്റെ ലക്ഷ്യം. എന്നാല്‍ ഇതിനു സര്‍ക്കാരില്‍നിന്ന് അനുമതി തേടാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പിഴയൊടുക്കേണ്ടി വന്നിരുന്നു. സിംഹങ്ങളുടെ കൂടിന്റെ പ്ലാന്‍ അധികൃതരെ അറിയിക്കാത്തതിന്റെ പേരിലും പ്രാസേക്കിനെതിരെ നിയമ നടപടിപടികള്‍ പുരോഗമിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.

കിഴക്കന്‍ ചെക്ക് റിപ്പബ്ലിക്കിലെ ദെഷോവിലാണ് പ്രാസേക്കിന്റെ താമസം. ദെഷോവ് മുനിസിപ്പാലിറ്റി അധികൃതര്‍ സിംഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രാസേക്കിന്റെ വസതിയില്‍ എത്തിയെങ്കിലും പ്രാസേക്ക് ഇവരെ അകത്തു കയറ്റിയിരുന്നില്ല. കൂടാതെ സിംഹങ്ങളെ തുറന്നു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിംഹങ്ങളെ പീഡിപ്പിക്കുകയാണെന്ന പരാതി ഉണ്ടായിരുന്നുവെങ്കിലും ഇതിനു തെളിവൊന്നും അധികൃതര്‍ക്കു ലഭിച്ചിരുന്നില്ല. കൂടാതെ സിംഹങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ മറ്റു സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ ബലം പ്രയോഗിച്ചു സിംഹങ്ങളെ മാറ്റാനും അധികൃതര്‍ക്കു സാധിച്ചില്ല.

സിംഹങ്ങളുമായി അടുത്തിടപഴകുന്നതിനും കളിക്കുന്നതിനുമായി പ്രാസേക്ക് ഇവയുടെ കൂട്ടില്‍ കയറുന്നതു പതിവായിരുന്നു. ഇവയുമായി അടുത്തിടപഴകുന്ന വിഡിയോകളും ഫൊട്ടോകളും പ്രാസേക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ടായിരുന്നു. സാധാരണയായി കൂടിനകത്ത് ഇവയുമായി കളിക്കാന്‍ കയറുമ്പോള്‍ അകത്തുനിന്നു കുറ്റിയിടാറുണ്ട്. അതിനാല്‍ തന്നെ പതിവു പോലെ സിംഹത്തിന്റെ സമീപത്തേക്കു പോയപ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ അതോ മനപൂര്‍വം സിംഹത്തിന്റെ മുന്നിലേക്കു മരിക്കാനെത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രാസേക്കിന്റെ പിതാവാണ് മകനെ മരിച്ച നിലയില്‍ സിംഹക്കൂട്ടില്‍ കണ്ടെത്തിയത്.

പിതാവ് അറിയിച്ചതനുസരിച്ച് പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം കൂട്ടില്‍ നിന്ന് നീക്കം ചെയ്യാനായി രണ്ട് സിംഹങ്ങളെയും പൊലീസ് വെടിവച്ചു കൊന്നു. ദീര്‍ഘകാലം നീണ്ടു നിന്ന പ്രതിസന്ധിക്ക് അവസാനമായെന്നാണ് സംഭവത്തെക്കുറിച്ച് ദേഷോവ് മേയര്‍ തോമസ് കോക്കറിക് പ്രതികരിച്ചത്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സംഭവത്തെ ഗൗരവതരമായാണ് കാണുന്നത്. അനധികൃതമായ ഒരു മനുഷ്യന്റെ ഇടപെടല്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് സിംഹങ്ങള്‍ക്കാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അവയുടെ ജീവന്‍ അപകടത്തിലാക്കുന്നതിനു തെളിവാണ് ഈ സംഭവമെന്നും ഇവര്‍ വ്യക്തമാക്കി.

Related posts