അലക്സ് ചാക്കോ
സീ കേരളം ചാനലിലെ “സരിഗമപ’ റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ തൊടുപുഴ വണ്ണപ്പുറം സ്വദേശി ലിബിൻ സ്കറിയയുടെ പാട്ടുകൾക്ക് ആരാധകരേറുകയാണ് അനുദിനം. ശ്രുതിഭേദങ്ങളിലൂടെയും സ്വരഭേദങ്ങളിലൂടെയും മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തു ചുവടുറപ്പിക്കുന്ന ഈ യുവഗായകന്റെ വിശേഷങ്ങളിലൂടെ….
വിജയ വഴിയേ
റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായതാണ് തന്റെ സംഗീത വഴിയിൽ വഴിത്തിരിവായെതെന്നു ലിബിൻ പറയുന്നു. പ്രശസ്തരായ വിധികർത്താക്കൾക്കു മുന്പിൽ പാടാനും അവരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും സാധിച്ചു.
എങ്ങനെ സ്റ്റേജിൽ നിൽക്കണം, എങ്ങനെ ശബ്ദ ക്രമീകരണം നടത്തണം തുടങ്ങി സ്റ്റേജ് പെർഫോമൻസിന്റെ പൊതു രീതികളെല്ലാംതന്നെ പഠിക്കാനും അവസരമുണ്ടായി. ലിബിന്റെതന്നെ വാക്കുകൾ കടമെടുത്താൽ ഇമ്മച്വർ ഗായകനായിരുന്നയാൾ സംഗീതമത്സരത്തിലൂടെ മച്വർ ഗായകനാവുകയായിരുന്നു.
നിരവധി സംഗീതമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനും ലിബിൻ ശ്രമിച്ചതാണ്.
ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞു പാട്ടിൽ കൂടുതൽ സജീവമായേക്കാമെന്നു കരുതിയപ്പോഴേക്കും മലയാളക്കരയിലെ റിയാലിറ്റി ഷോകളുടെ കാലം ഏതാണ് അവസാനിച്ചിരുന്നു. തുടർന്ന് കുറച്ചുകാലത്തേക്ക് ബ്രേക്ക്. എങ്കിലും പാട്ടും പരിശീലനവുമൊന്നും ലിബിൻ വിട്ടില്ല.
പ്രഗത്ഭരുടെ കൃതികൾ ഹൃദിസ്ഥമാക്കി. റിക്കാർഡിംഗ് രംഗത്തെ ബാലപാഠങ്ങൾ ഇന്റർനെറ്റിന്റെ സഹായത്തോടെ മനസിലാക്കി. വാസ്തവത്തിൽ, താൻ പോലുമറിയാതെ വലിയൊരു സംഗീത പോരാട്ടത്തിനുള്ള തയ്യാറെടുപ്പു നടത്തുകയായിരുന്നു ഈ ഗായകൻ.
ശ്രുതി പാലനം, ഭാവപ്രകടനം, ശബ്ദക്രമീകരണം തുടങ്ങിയ ഗുണങ്ങളൊക്കെയുണ്ടെങ്കിലും അനായാസ ആലാപനത്തിനാണ് ലിബിൻ ഏറ്റവുമധികം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളത്. ഒട്ടുമിക്ക ഗായകർക്കും ബുദ്ധിമുട്ടുള്ള മേൽസ്ഥായി ഗാനങ്ങളും ലിബിന് വലിയ വെല്ലുവിളിയാകാറില്ല.
വീട്ടിലെ പാട്ട്
തൊടുപുഴ വണ്ണപ്പുറം ഇടിഞ്ഞപുഴയിൽ സ്കറിയയുടെയും ഡെയ്സിയുടെയും രണ്ടുമക്കളിൽ ഇളയ ആളാണു ലിബിൻ. ലിന്റ സഹോദരി. എല്ലാവരും പാട്ടുകാർ.
അച്ഛൻ പണ്ട് പാട്ടു മത്സരങ്ങളിലൊക്കെ പങ്കെടുത്ത് വിജയിച്ചിട്ടുണ്ടെന്നും അമ്മ പള്ളിക്വയറിലെ പ്രധാനഗായികയായിരുന്നുവെന്നും ലിബിൻ അഭിമാനപുരസരം പറയുന്നു. തന്നെക്കാൾ പാടുന്നതു ചേച്ചി ലിന്റയാണെന്നും അനിയന്റെ വെളിപ്പെടുത്തൽ.
ചേച്ചിക്കൊപ്പം കർണാടക സംഗീതം പഠിക്കാൻ പോയിട്ട് മടി കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കഥയും ലിബിന് പറയാനുണ്ട്.
ഇനിയങ്ങോട്ട് സംഗീതത്തിൽതന്നെ കേന്ദ്രീകരിക്കാനാണ് ലിബിന്റെ തീരുമാനം. ഉസ്താദ് ഫയാസ്ഖാനിൽനിന്ന് നാലു വർഷം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിരുന്നു.
എന്നാൽ കോളജുപഠനത്തിരക്കേറിയപ്പോൾ പാട്ടു പഠനം ഉപേക്ഷിക്കുകയായിരുന്നു. സമയം കിട്ടുന്പോഴൊക്കെ അല്പം സംഗീതസംവിധാനവും ലിബിൻ പയറ്റാറുണ്ട്. ഈണമിട്ട പാട്ടുകളൊക്കെ വീഡിയോ ദൃശ്യങ്ങളുടെ അകന്പടിയോടെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.
ഫേസ്ബുക്ക്, ഇൻസ്റ്റ, പിന്നെ യൂട്യൂബും
സമൂഹമാധ്യമങ്ങളിലും താരമാണ് ഈ ഗായകൻ, ഇൻസ്റ്റഗ്രാമിൽ 83,000 ഫോളോവേഴ്സ് ആണ് ഉള്ളത്. സ്വന്തം പേരിലുള്ള യൂട്യൂബ് ചാനലിലുമുണ്ട് ലിബിന് 19,000 സബ്സ്ക്രൈബേഴ്സ്. ഫേസ്ബുക്ക് പേജിന്റെ സ്ഥിതിയും മറ്റൊന്നല്ല.
ലിബിന്റെ പേരിലുള്ള ഫാൻസ് കൂട്ടായ്മകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ബന്ധുക്കളും സൃഹൃത്തുക്കളും അധ്യാപകരും ഉൾപ്പെടെ, ഇക്കാലമത്രയും വലിയ പിന്തുണനൽകിയവരെക്കുറിച്ച് ഒരുപാടുണ്ട് ലിബിന് പറയാൻ.
പള്ളി ക്വയറിൽ പാടാതെ നടന്ന തന്നെ നിർബന്ധപൂർവം പെരുന്നാൾ ക്വയറിൽ പാടിച്ച് ആ രംഗത്ത് സജീവമാക്കിയ ഫാ. ജിനോ പുന്നമറ്റത്തിലിനെ ലിബിൻ നന്ദിയോടെ ഓർക്കുന്നു. പിന്നീട് നിരവധി തവണ മിഷൻലീഗ് സംസ്ഥാന കലോത്സവങ്ങളിൽ പാട്ടിന് ഒന്നാം സ്ഥാനം നേടാനും സാധിച്ചു.
റിയാലിറ്റിഷോയിൽ തന്റെ ഗ്രൂമർ ആയിരുന്ന നൗഷാദ്, കവർവേർഷനുകളിൽ കീബോർഡുമായി കൂടെയുള്ള ബാജിയോ ബാബു തുടങ്ങിയവർ തന്റെ സംഗീതവഴിയിൽ വലിയ പിന്തുണയാണ് നൽകിയിട്ടുള്ളതെന്നും ലിബിൻ പറയുന്നു.
പ്രതീക്ഷയോടെ
ക്രിസ്ത്യൻ ഭക്തിഗാന രംഗത്തും സജീവമാണ് ലിബിൻ. വിവിധ ആൽബങ്ങളിലായി 150 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. യുവം എന്ന ചിത്രത്തിലെ, ഗോപീ സുന്ദർ ഈണമിട്ട ചെമ്മാനമേ എന്ന ഗാനം ലിബിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. ഏറെ ജനശ്രദ്ധ നേടാൻ ഈ പാട്ടിനായി. ലിബിൻ പാടിയ മൂന്നു ചലച്ചിത്രഗാനങ്ങൾകൂടി പുറത്തിറങ്ങാനുണ്ട്.
കുഞ്ഞെൽദോ എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഇണമിട്ട പെണ്പൂവെ.., കാണ്മാനില്ല എന്ന ചിത്രത്തിൽ പ്രതീഷ് ടോം ഈണം പകർന്ന നീ ഹാരം… എന്നീ മുഴുനീള ഗാനങ്ങളും കിംഗ് ഫിഷർ എന്ന ചിത്രത്തിൽ രതീഷ് വേഗ സംഗീത സംവിധാനം നിർവഹിച്ച ഹൃസ്വ ഗാനവുമാണ്് പുറത്തിറങ്ങാനുള്ളത്.
ഈ പാട്ടുകളെല്ലാം ഹിറ്റാവുന്നമെന്ന വിശ്വാസത്തിൽ പുത്തനീണങ്ങൾക്ക് കാതോർക്കുകയാണ് തൊടുപുഴയുടെ പ്രിയഗായകൻ… പ്രതീക്ഷകളോടെ…