സൗന്ദര്യത്തിന്റെ വലിയ പ്രതീകമായിട്ടാണ് മനുഷ്യന്റെ ചുണ്ടുകളെ എന്നും ലോകം കാണുന്നത്. അതുകൊണ്ടു തന്നെ ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ പലർക്കും മടിയില്ല.
ചുണ്ടുകളുടെ ആകർഷകത്വംകൊണ്ടു തന്നെ മോഡലിംഗ് രംഗത്തും സിനിമകളിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരങ്ങളും നിരവധി. ലിപ് സ്റ്റിക് അണിയിച്ചും ചുവപ്പിച്ചുമൊക്കെ ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാൻ ആധുനിക ലോകം ശ്രമിക്കുന്പോൾ ഇവിടെയൊരു കൂട്ടർ നടപ്പാക്കുന്ന ആചാരം കണ്ടാൽ ആരും ഞെട്ടും.
ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാനുള്ള ഇവരുടെ തന്ത്രങ്ങൾ കണ്ടാൽ ഇതെന്തു സൗന്ദര്യമെന്നു പറഞ്ഞു നമ്മൾ അന്തംവിട്ടുനിൽക്കും. ഈ പ്രാകൃത ആചാരത്തിന്റെയും പ്രധാന ഇരകൾ പെൺകുട്ടികൾ തന്നെ.
പല്ലു കളയും!
ചില ആദിവാസി ഗോത്രങ്ങളിലെ പെൺകുട്ടികൾക്കു 12 വയസ് എത്തുന്പോൾ അവരുടെ താഴത്തെ നിരയിലുള്ള രണ്ടു പല്ലുകൾ എടുത്തു കളയുന്നതാണ് പ്രാഥമിക പരിപാടി. തുടർന്നു കീഴ്ചുണ്ടിന്റെ മധ്യഭാഗം വട്ടത്തിൽ മുറിച്ചു കളയും. ഇങ്ങനെ മുറിച്ച ചുണ്ടുകൾക്കിടയിൽ പ്ലേറ്റുകൾ സ്ഥാപിക്കുന്നു.
വലിയ പ്ലേറ്റുകൾ സ്ഥാപിക്കണമെന്ന് ആഗ്രഹമുള്ള പെൺകുട്ടികൾ അവരുടെ താഴത്തെ നിരയിലെ പല്ലുകൾ പൂർണമായോ ഭാഗികമായോ എടുത്തുകളയും. അപ്പോൾ അവരുടെ ചുണ്ടുകൾ കൂടുതൽ വട്ടത്തിൽ മുറിക്കാനും കൂടുതൽ വലിപ്പമുള്ള പ്ലേറ്റുകൾ സ്ഥാപിക്കാനും കഴിയും.
ഇങ്ങനെ 24 ഇഞ്ച് വരെ നീളമുള്ള ലിപ് പ്ലേറ്റുകൾ സ്ത്രീകൾ തിരുകി കയറ്റാറുണ്ട്. ഇങ്ങനെ ചെയ്താൽ സ്ത്രീകൾ വളരെ സുന്ദരികളാകുമെന്നാണ് ഇവരുടെ വിശ്വാസം. ഇതുമൂലം സന്പന്നനായ ഭർത്താവിനെയും കിട്ടുമത്രേ. ലിപ് പ്ലഗ്, ലിപ് ഡിസ്ക് എന്നും ഈ ആചാരം അറിയപ്പെടുന്നുണ്ട്.
അഭിമാന പാത്രം!
വലിയ ഡിസ്കുകൾ (സാധാരണയായി വൃത്താകൃതിയിലുള്ളതും കളിമണ്ണുകൊണ്ടോ മരംകൊണ്ടോ നിർമിച്ചവ) മുകളിലോ താഴെയോ ചുണ്ടിലോ ഒക്കെയായി തിരുകുന്നതുവഴി കീഴ്ചുണ്ടിന്റെ ദ്വാരത്തിനു നീളം കൂടും.
സൗന്ദര്യത്തിന്റ അളവുകോൽ ആയതിനാലും ആചാരമായതിനായാലും സ്ത്രീകൾ വളരെ അഭിമാനബോധത്തോടെയും പ്രൗഢിയോടെയുമാണത്രേ ഈ ആചാരത്തെ സമീപിക്കുന്നത്.
അവിവാഹിതരായ പെൺകുട്ടികളും നവദമ്പതികളുമാണ് ലിപ് പ്ലേറ്റുകൾ കൂടുതലായി ധരിക്കുന്നത്. പുരുഷന്മാർക്കു ഭക്ഷണം വിളമ്പുക, പശുക്കൾക്കു പാൽ കൊടുക്കുക, കല്യാണം പോലുള്ള പ്രധാന ആചാരങ്ങൾ തുടങ്ങിയ അവസരങ്ങളിളെല്ലാം സ്ത്രീകൾ ഇവ സാധാരണയായി ധരിക്കാറുണ്ട്.
ലിപ് പ്ലേറ്റ് നിരവധി അർഥങ്ങൾ ഉൾക്കൊള്ളുന്നതായിട്ടാണ് ഗോത്ര വിശ്വാസം. ഒന്നാമതായി, ഇതു മികച്ച സൗന്ദര്യത്തിന്റെ പ്രതീകമാണ്. രണ്ടാമതായി, ഇതു ഭർത്താവിനോടുള്ള സ്നേഹത്തെയും ആത്മാർത്ഥയെയും അടയാളപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ ബാഹ്യസൗന്ദര്യം മരണ ശേഷം മങ്ങുന്നുവെന്നതിന്റെ പ്രതീകമായി മൃതദേഹത്തിൽനിന്ന് ഇവ നീക്കം ചെയ്ത ശേഷമാണ് സംസ്കാരം നടത്തുന്നത്.