അന്തിക്കാട്: പെൻസിൽ മുനകളിൽ അക്ഷരങ്ങൾ തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സും നേടി ലിസ്പോ.ലോക്ഡൗണ്കാല വിരസതയകറ്റാനായി തുടങ്ങിവച്ച വിനോദത്തിലൂടെയാണ് ലിസ്പോ നേട്ടങ്ങൾ കരസ്ഥമാക്കിയത്.
ചേർപ്പ് കുന്നത്ത് ലിസ്റ്ററിന്റെയും മേരിയുടെയും മകനും ബിഎസ്സി വിദ്യാർഥിയുമായ ലിസ്പോയാണ് താജ്മഹൽ പോലുള്ള വിസ്മയങ്ങളുടെ പേരുകൾ പെൻസിൽ മുനയിൽ കൊത്തി എഴുതിയെടുക്കുന്ന ’ മൈക്രോ ലെഡ് ആർട്ട് ’ നടത്തി റെക്കാഡ് കരസ്ഥമാക്കിയത്.
മൂന്നുദിവസം കൊണ്ട് 37 പേരുകൾ കൃത്യതയോടെയും ഭംഗിയോടെയും കൊത്തിയെടുത്ത് തിരുവനന്തപുരം സ്വദേശിയുടെ റെക്കോർഡ് തകർത്താണ് ഇന്ത്യ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിക്കൂടിയത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അധ്യാപകർ ബോർഡിൽ എഴുതി ബാക്കി വരുന്പോൾ കളയുന്ന ചോക്ക് കഷണങ്ങൾ പെറുക്കി എടുത്ത് വിനോദത്തിനായി അതിൽ ചെറുരൂപങ്ങൾ കൊത്തിയെടുത്താണ് ലിസ്പോ നേട്ടങ്ങൾ കൊയ്തത്.
എസ്എസ്എൽസി കഴിഞ്ഞപ്പോൾ മൈക്രോ ആർട്ടിൽ സജീവമായി. പെൻസിൽ മുനയിൽ കൊത്താനുള്ള ചെറിയ ഉപകരണം കൈയിൽ പിടിക്കാൻ ഒരു വർഷത്തെ പരിശീലനം വേണ്ടിവന്നുവെന്ന് ലിസ്പോ പറയുന്നു.
കലയിലുള്ള താൽപര്യം കണ്ട് വീട്ടുകാർ വീട്ടിലെ ഹാൾ തന്നെ കലാരൂപ നിർമാണ പ്രവൃത്തികൾക്കായി ഒരുക്കിക്കൊടുത്തു.
ഇപ്പോൾ പെൻസിൽ മുനയിൽ ചെറു ശിൽപങ്ങളും കാൻവാസിൽ ചിത്രരചനയും പ്രഫഷണലായി നിർവഹിക്കുന്നു. ലിംക, ഗിന്നസ് റെക്കാഡുകൾ ലക്ഷ്യമിട്ട് അതിനുള്ള പരിശ്രമത്തിലാണ് ലിസ്പോ.