ചെന്നൈ: ലിപ്സ്റ്റിക് ഉപയോഗിച്ചതിന്റെ പേരിൽ ജീവനക്കാരിയെ സ്ഥലംമാറ്റി. ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപറേഷനിലാണു സംഭവം. മേയറുടെ അകമ്പടി സംഘത്തിൽ ദഫേദാർ ആയി സേവനമനുഷ്ഠിക്കുന്ന മാധവിയാണു മേയർക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന മേയർ പ്രിയാ രാജന്റെ നിർദേശം പാലിക്കാതിരുന്നതിനാലാണു തന്നെ സ്ഥലം മാറ്റിയതെന്ന് 50കാരിയായ മാധവി ആരോപിച്ചു.
ജോലി സമയത്ത് ലിപ്സ്റ്റിക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി മാധവിക്ക് നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ, ജോലി സമയത്ത് ലിപ്സ്റ്റിക് ഇടുന്നത് കുറ്റകരമാണെങ്കിൽ അതിനുള്ള സർക്കാർ ഉത്തരവ് കാണിക്കണമെന്ന് മാധവി മറുപടി നൽകി. ഇതോടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മേയർ മാധവിയെ സ്ഥലം മാറ്റുകയായിരുന്നു.