വെള്ളമുണ്ട: വാരന്പറ്റ പട്ടികജാതി കോളനിയിലെ തിഗ്നായി(65), മകൻ പ്രമോദ്(35), തിഗ്നായിയുടെ സഹോദരിയുടെ മകൻ പ്രസാദ്(40)എന്നിവരുടെ മരണത്തിനിടയാക്കിയത് പൊട്ടാസിയം സയനൈഡ് കലർന്ന മദ്യം. കോഴിക്കോട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് മൂവരും കഴിച്ച മദ്യത്തിന്റെ സാംപിളിൽ സയനൈഡ് കലർന്നതായി സ്ഥീകരിച്ചത്.
ലാബ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പോലീസിനു ലഭിച്ചു. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള രണ്ടു പേരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നാണ് സൂചന. തിഗ്നായിക്കു മദ്യം നൽകിയ മാനന്തവാടി ചൂട്ടക്കടവ് സ്വദേശിയും ഇയാൾക്കു മദ്യം കൊടുത്ത പറവൂർ സ്വദേശിയായ മാനന്തവാടിയിലെ സ്വർണപ്പണിക്കാരനുമാണ് കസ്റ്റഡിയിലുള്ളത്.
മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ്(എസ്എംഎസ്) ഡിവൈഎസ്പി കെ.പി. കുബേരൻ നന്പൂതിരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. മരിച്ചത് പട്ടികജാതിക്കാരും പ്രതികളെന്നു സംശയിക്കുന്നവർ പൊതുവിഭാഗത്തിലും ഉൾപ്പെടുന്നതിനാലാണ് മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ നടന്ന കേസ് അന്വേഷണം ശനിയാഴ്ച എസ്എംഎസിനു കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി എസ്എംഎസ് ഡിവൈഎസ്പി ഇന്നലെ വാരാന്പറ്റയിലെത്തി തിഗ്നായിയുടെ വീടും പരിസരവും സന്ദർശിച്ചു.
മന്ത്രവാദ ചികിത്സകനാണ് തിഗ്നായി. കഴിഞ്ഞ ബുധനാഴ്ച മകളുടെ കൈയിൽ കെട്ടുന്നതിനു ചരടു മന്ത്രിച്ചുവാങ്ങുന്നതിനു എത്തിയപ്പോഴാണ് ചൂട്ടക്കടവ് സ്വദേശി തിഗ്നായിക്കു മദ്യം നൽകിയത്. മദ്യം കഴിച്ചയുടൻ കുഴഞ്ഞുവീണ തിഗ്നായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ഹൃദ്രോഗിയായതിനാൽ മരണകാരണം ഹൃദയാഘാതമാണെന്നാണ് വീട്ടുകാരും ബന്ധുക്കളും കരുതിയത്.
സംസ്കാരത്തിനുള്ള ഒരുക്കത്തിനിടെ കുപ്പിയിൽ അവശേഷിച്ച മദ്യം കഴിച്ചതിനു പിന്നാലെയാണ് പ്രമോദും പ്രസാദും കുഴഞ്ഞുവീണത്. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിടെ പ്രമോദും ആശുപത്രിയിൽ പ്രസാദും മരിച്ചു. ഇതോടെയാണ് മദ്യത്തിൽ വിഷം കലർന്നിരുന്നുവെന്ന സംശയം ജനിച്ചത്. പ്രസാദിനെയും പ്രമോദിനെയും ജില്ലാ ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർമാർ മദ്യത്തിൽ കലർന്നത് സയനൈഡാണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.
സ്വർണപ്പണിക്കാരൻ കോയന്പത്തൂരിലുള്ള സുഹൃത്തിൽനിന്നു വാങ്ങിയതാണ് മദ്യം. ഇതിൽ ആരാണ് സയനൈഡ് കലർത്തിയതെന്നു പോലീസ് അന്വേഷിച്ചുവരികയാണ്. തിഗ്നായിയുടെ കുടുംബവുമായി ചൂട്ടക്കടവു സ്വദേശിക്കു നേരത്തെമുതൽ അടുപ്പമുണ്ട്.