ഇടുക്കി: മദ്യം നല്കി പീഡനത്തിനിരയാക്കിയ നെടുങ്കണ്ടം സ്വദേശിയായ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 17കാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളജിലാണ് പെണ്‍കുട്ടി ചികില്‍സയില്‍ കഴിയുന്നത്.
അതീവ ഗുരുതര നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡനത്തിനു ഇരയാക്കിയത്.
സംഭവത്തില്‍ നെടുങ്കണ്ടം കോമ്പയാര്‍ മുരുകന്‍പാറ ഈട്ടിക്കാലയില്‍ ആഷിക്ക് ഹക്കീം (23), സൃഹുത്തുക്കളായ കോമ്പയാര്‍ മുരുകന്‍പാറ കുഴിവേലില്‍ അനേഷ് അനില്‍കുമാര്‍(21), പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ആഷിക്ക് കൂട്ടുപ്രതിയായ അനേഷിന്റെ ഫോണില്‍ നിന്നു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയ ശേഷം മൂവരും കൂടി പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്കി ബോധം കെടുത്തിയ ശേഷം ആഷിക് പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ അനേഷിന്റെ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പെണ്‍കുട്ടി.