മാതൃകാ അധ്യാപകര്‍ തന്നെ ! വിസ്മയ പാര്‍ക്ക് കണ്ട് മടങ്ങിയ വിദ്യാര്‍ഥികളുടെ ബാഗില്‍ മദ്യക്കുപ്പികള്‍; അന്വേഷണം നടത്തിയപ്പോള്‍ അധ്യാപകര്‍ കുടുങ്ങി;പിന്നെ സംഭവിച്ചത് ഇങ്ങനെ…

കണ്ണൂര്‍: പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്ക് കാണാനായി കോഴിക്കോട് നിന്നെത്തിയ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തി. ചെമ്പുകടവ് ഗവ. യു.പി. സ്‌കൂള്‍ പഠനയാത്രാസംഘത്തിന്റെ ബസ്സില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നാണ് ആരോപണം. അധ്യാപകര്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മദ്യക്കുപ്പികളാണ് കുട്ടികളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയതെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. ശനിയാഴ്ച രാവിലെയാണ് കണ്ണൂരുള്ള വിസ്മയപാര്‍ക്ക് കാണാന്‍ സ്‌കൂളില്‍നിന്ന് സംഘം തിരിച്ചത്. തിരികെവരുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണംവാങ്ങാന്‍ മാഹിയില്‍ വണ്ടി നിര്‍ത്തിയിരുന്നു.

തുടര്‍ന്ന് അഴിയൂര്‍ ചെക് പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കവെ കുട്ടികളുടെ ബാഗില്‍ ഒളിപ്പിച്ച മദ്യക്കുപ്പി കണ്ടെടുത്തതായാണ് ആരോപണം.കുട്ടികള്‍ക്ക് മാതൃക കാണിച്ചുകൊടുക്കേണ്ട നിങ്ങളാണോ ഇത് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായും കുട്ടികള്‍ പറഞ്ഞു. വീട്ടിലെത്തിയ കുട്ടികള്‍ വിവരം രക്ഷിതാക്കളെ ധരിപ്പിച്ചതിനെത്തുടര്‍ന്ന് അവര്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തി സമരം തുടങ്ങി. പിന്തുണയുമായി യു.ഡി.എഫും രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എ.ഇ.ഒ. സ്ഥലത്തെത്തി അന്വേഷണം നടത്തി.

തുടര്‍ന്ന്, യാത്രാസംഘത്തിലുണ്ടായിരുന്ന അധ്യാപകരായ വി.പി. കരുണന്‍, ജി.എസ്. ഹരിപ്രസാദ്, ഓഫീസ് അറ്റന്‍ഡന്റ് പി.ടി. നിധിന്‍ എന്നിവരോട് മൂന്നുദിവസത്തെ നിര്‍ബന്ധിത അവധിയെടുക്കാന്‍ എ.ഇ.ഒ. നിര്‍ദേശിച്ചു.അതേസമയം, പഠനയാത്രാ വാഹനത്തില്‍നിന്ന് യാതൊന്നും കണ്ടെടുത്തില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സംഘത്തിലുണ്ടായിരുന്ന അധ്യാപകര്‍ പറയുന്നു. തങ്ങള്‍ക്ക് കിട്ടിയ വിവരത്തെത്തുടര്‍ന്ന് പരിശോധന നടത്തിയതാണെന്നും ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും അധ്യാപകര്‍ പറയുന്നു. 56 വിദ്യാര്‍ഥികളും എട്ട് അധ്യാപകരും ഒരു അനധ്യാപകനും പി.ടി.എ. പ്രസിഡന്റുമാണ് പഠനയാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്നതെന്ന് പ്രധാനാധ്യാപിക അറിയിച്ചു. സംഭവത്തില്‍ പല രക്ഷിതാക്കളും രൂക്ഷമായാണ് പ്രതികരിച്ചത്.

 

Related posts