മദ്യപാനം ആരോഗ്യത്തിനു ഹാനീകരമാണെന്നാണല്ലോ പറയുന്നത്. എത്രയൊക്കെ മദ്യം കുടിക്കരുതെന്ന് പറഞ്ഞാലും അതൊന്നും ആളുകൾ അനുസരിക്കാറില്ല. ചിലർക്ക് അതൊരു ലഹരിയാണ്. മദ്യമില്ലാതെ ജീവിതത്തിന്റെ ഒരു ദിനം തള്ളി നീക്കാൻ പോലും ചില ആളുകൾക്ക് നന്നേ പ്രയാസമാണ്.
എത്ര ബോധം കെട്ട് താഴെ വീണാലും ആളുകൾ മദ്യത്തിന്റെ ലഹരി ആസ്വദിച്ചു കൊണ്ടേയിരിക്കും. ഇനി മധ്യപിച്ച് ബോധം കെടുമെന്ന പേടി വേണ്ട. കുടിച്ച് കഴിഞ്ഞുള്ള ഹാങ്ഓവർ ഇല്ലാതാക്കുന്നതിനായി ജെൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇടിഎച്ച് സുറിച്ചിലെ ശാസ്ത്രജ്ഞര്‍.
പാലിലെ പ്രോട്ടീനും ചില നാനോപാര്‍ട്ടിക്കിളുകളും ചേര്‍ന്ന ജെല്ലാണ് വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് വിപണിയിൽ എത്തിച്ചിട്ടില്ല. ജെൽ അതിന്റെ പ്രാരംഭ ഘട്ട പരീക്ഷണത്തിലാണെന്ന് നേച്ചര്‍ നാനോടെക്നോളജി റിപ്പോര്‍ട്ട് ചെയ്യുന്നു.
മദ്യം കഴിച്ച ശേഷമുണ്ടാകുന്ന ഛര്‍ദി, മനംപുരട്ടല്‍, തലവേദന, ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ ഒഴിവാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആദ്യം എലികളിലാണ് ഇത് പരീക്ഷിച്ചത്. എലികളിൽ ഈ ജെല്‍ കഴിച്ച് 30 മിനിറ്റുകള്‍ക്കുള്ളില്‍ മദ്യത്തിന്റെ ദോഷഫലങ്ങള്‍ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.