തിരുവനന്തപുരം : ബജറ്റിൽ നിർദേശിച്ച ഇന്ധനസെസ് വർധന നാളെ മുതൽ പ്രാബല്യത്തിൽ. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ധനയും മദ്യത്തിന്റെവിലയും നാളെ മുതൽ കൂടും.
ഇതോടെ ജീവിതച്ചെലവുകളിൽ വൻവർധനയാണ് ഉണ്ടാകാൻ പോകുന്നത്. നിലവിൽ ഒരു ലിറ്റര്‍ ഇന്ധനം വാങ്ങുമ്പോള്‍ കിഫ്ബിയിലേയ്ക്ക് ഒരുരൂപ നിലവില്‍ ഈടാക്കുന്നു.
ഒപ്പം 25 പൈസ സെസുമുണ്ട്. ഇതു കൂടാതെയാണ് രണ്ടു രൂപ സെസ് കൂടി ഏർപ്പെടുത്തുന്നത്. ഇന്ധനസെസ് വർധന ഓട്ടോ-ബസ് മേഖലയെ പ്രതിസന്ധിയിലാക്കും.
ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് രണ്ട് രൂപ സെസാണ് നിലവിൽ വരുന്നത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും.
500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും ആണ് സാമൂഹിക സുരക്ഷാ സെസ് ആയി ഏർപ്പെടുത്തുന്നത്.
ഭൂമിയുടെ ന്യായവിലയിൽ 20% വർധനയാണ് ഉണ്ടാവുക. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോൾ 1,20,000. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും ചേര്‍ന്നാൽ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും.
അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണം. ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5% എന്നത് 7% ആയി വർധിക്കും.
സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടും. വില 5 ലക്ഷം വരെ 1% വർധന. 5 ലക്ഷം മുതൽ 15 ലക്ഷം വരെ 2%. 15 ലക്ഷം മുതൽ 20 ലക്ഷം വരെ 1%. 20 ലക്ഷം മുതൽ 30 ലക്ഷം വരെ 1%. 30 ലക്ഷത്തിനു മേൽ 1% എന്നിങ്ങനെയാണ് നിരക്ക്.
2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർധനയുണ്ടാകും. പുതിയ ഇരുചക്ര വാഹനങ്ങൾക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയിൽ നിന്ന് 100 രൂപയാകും.
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 100 രൂപയിൽ നിന്ന് 200 രൂപ, മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്നു 300 രൂപ, ഹെവി മോട്ടർ വാഹനങ്ങൾക്ക് 250 രൂപയിൽ നിന്ന് 500 രൂപ എന്നിങ്ങനെയാണ് വർധന.
ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ 5 വർഷത്തേക്ക് നൽകിയിരുന്ന 50% നികുതി ഇളവ് ഇനിയില്ല. ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വർധിക്കും.
മറ്റു കോടതി വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീസിൽ 1 % വർധന ഉണ്ടാകും.പുതിയ ബാച്ച് മരുന്നുകൾ എത്തുമ്പോൾ അവയുടെ വില വർധിക്കും.
ഇളവുകൾ
പുതുതായി വാങ്ങുന്ന ഇ–വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് 5 ശതമാനമാകും. വിൽപന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളിൽ വീണ്ടും വിൽക്കുകയാണെങ്കിൽ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നൽകണമെന്ന നിലവിലെ വവ്യവസ്ഥ ഒഴിവാകും.
മൂന്ന് മാസത്തിനും ആറ് മാസത്തിനും ഇടയ്ക്കു വിറ്റാൽ ഒന്നര ഇരട്ടി സ്റ്റാംപ് ഡ്യൂട്ടി നൽകണമെന്നതും ഇനിയില്ല. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്വകാര്യ സ്കൂൾ വാഹനങ്ങളുടെ നികുതി മൂന്ന് മാസത്തേക്ക് 5,500 രൂപ എന്നത് 1000 രൂപയാക്കി.
ജീവകാരുണ്യ സംഘടനകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കുള്ള നികുതി സർക്കാർ സ്കൂളിന്റേതിനു സമാനമാക്കി.
സ്വകാര്യ ബസ്, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ത്രൈമാസ നികുതിയിൽ 10 ശതമാനമാണ് ഇളവ്. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങൾ, വായനശാലകൾ എന്നിവയ്ക്ക് കെട്ടിട നികുതിയില്ല.
30 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ കുടുംബത്തിന് കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടിന്റെ ഏതു വിഭാഗത്തിൽപ്പെട്ട ഉടമയ്ക്കും ഈ ഇളവ് ലഭിക്കും.