ഒരാൾക്ക് എത്രമാത്രം ക്രൂരമായി മാറാൻ പറ്റും. അങ്ങനെ മാറിയാൽ അവർ ചെയ്തുകൂട്ടുന്നത് എന്താകും. എങ്ങനെയാണ് അവർ ആ അവസ്ഥയിൽ എത്തിപ്പെട്ടത്.
അതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ് ഇന്നലെ യുഎസിൽ വധശിക്ഷക്കു വിധേയയായ ലിസ മോണ്ട്ഗോമറി എന്ന സ്ത്രീയുടെ ജീവിതം. കഴിഞ്ഞ എഴുപതു വർഷത്തിനിടെ അമേരിക്കയിൽ ആദ്യമായി മരണശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ലിസ.
മണപ്പെടുന്പോൾ 52 വയസായിരുന്നു അവരുടെ പ്രായം. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ 1.31ന് വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കിയത്.
ഞെട്ടിച്ച ക്രൂരത
കേട്ടാൽ ആരും ഞെട്ടിപ്പോകുന്ന ക്രൂരതയാണ് ലിസ മോണ്ട്ഗോമറി ചെയ്തത്. ഒരിക്കലും ഒരാളും ഗർഭാവസ്ഥയിലുള്ള ഒരു സ്ത്രീയെ ആക്രമിക്കാൻ മുതിരാറില്ല. അത് എത്ര വലിയ ക്രൂരനായ ആളാണെങ്കിൽപ്പോലും. പക്ഷേ ലിസ മോണ്ട്ഗോമറി അത് ചെയ്തു. അതും ഏറ്റവും ക്രൂരമായി തന്നെ.
നായ്ക്കളെ വളർത്തി വില്പന നടത്തി ജീവിക്കുന്നവരായിരുന്നു ബോബി ജോ സ്റ്റിനെറ്റും ഭർത്താവും സെബ് സ്റ്റിനെറ്റും. വളരെ സുന്ദരമായി മുന്നോട്ടുപോയ ജീവിതത്തിലേക്കു പുതുതായി എത്താൻ പോകുന്ന അംഗത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ ദന്പതികൾ. 23 കാരിയായ ബോബി ജോ സ്റ്റിനെറ്റ് എട്ട് മാസം ഗർഭിണിയായിരുന്നു.
ഇതിനിടയിലാണ് സ്റ്റിനെറ്റ്, ലിസ മോണ്ട്ഗോമറിയെ പരിചയപ്പെടുന്നത്.
നായ്ക്കളെ വാങ്ങുന്നതിന്റെ പേരിലായിരുന്നു ആ പരിചയപ്പെടൽ. പിന്നീട് അവരുടെ സൗഹൃദം വളർന്നു. ഓൺലൈൻ ചാറ്റിംഗ് പ്ലാറ്റ്ഫോമായ റാറ്റർ ചാറ്റിലൂടെ അവർ പരസ്പരം ആശയങ്ങൾ കൈമാറി.
ചാറ്റിംഗിനിടയിൽ താൻ ഗർഭിണിയാണെന്ന് അടക്കമുള്ള കാര്യങ്ങൾ സ്റ്റിനെറ്റ്, ലിസയുമായി പങ്കുവച്ചു. അപ്പോൾ താനും ഗർഭിണിയാണെന്നു ലിസ, സ്റ്റിനെറ്റിനോടു കള്ളം പറഞ്ഞു. പതിയെ സ്റ്റിനെറ്റിന്റെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ലിസ മനസിലാക്കി.
ആ ദിനം
2004 ഡിസംബർ 16ന് ആ ക്രൂര കൃത്യം ചെയ്യുന്നതിനുള്ള ദിവസമായി ലിസ തെരഞ്ഞെടുത്തു. ടെറിയർ ഇനത്തിൽപ്പെട്ട ഒരു നായ്ക്കുട്ടിയെ വാങ്ങാനായി മിസ്സൗറിയിലെ സ്കിഡ്മോറിലുള്ള സ്റ്റിനെറ്റിന്റെ വീട്ടിൽ ഡാർലിൻ ഫിഷർ എന്ന പേരിൽ ലിസ എത്തി.
നായ്ക്കളെ വാങ്ങാൻ ആയതുകൊണ്ടു തന്നെ വീട്ടിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വീട്ടിൽ വേറെ ആരും ഇല്ലെന്നു മനസിലാക്കിയ ലിസ തന്റെ സ്റ്റിനെറ്റിനെ വകവരുത്താനുള്ള സമയം ഇതുതന്നെയാണെന്ന് ഉറപ്പിച്ചു.
ഭ്രാന്തായിരുന്നോ?
എട്ടു മാസം ഗർഭിണിയായിരുന്ന സ്റ്റിനെറ്റ് തന്റെ കുഞ്ഞ് ഈ ലോകത്തിലേക്ക് എത്തുന്നതും കാത്തിരിക്കുകയായിരുന്നു. അല്പസമയം സംസാരിച്ച ശേഷം കൈയിൽ കിട്ടിയ കയറെടുത്തു ലിസ, സ്റ്റിനെറ്റിന്റെ കഴുത്തിൽ മുറുക്കി. ശ്വാസം കിട്ടാതെ സ്റ്റിനെറ്റ് പിടഞ്ഞു വീണു. പിന്നീടാണ് ഏറ്റവും വലിയ ക്രൂരത അരങ്ങേറിയത്.
ശ്വാസം കിട്ടാതെ മയങ്ങിക്കിടന്ന എട്ടുമാസം ഗർഭിണിയായ സ്റ്റനെറ്റിന്റെ ഉദരം അടുക്കളയിൽ കറിക്കരിയുന്ന കത്തി ഉപയോഗിച്ചു പിളർന്ന ശേഷം ലിസ കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്ത സമയത്ത് പുക്കിൾതണ്ട് മുറിച്ചപ്പോൾ സ്റ്റനെറ്റ് ഉണർന്നു.
പക്ഷേ, അമിതമായി രക്തം നഷ്ടപ്പെട്ടതുകൊണ്ടു അവൾക്കു പ്രതികരിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല. ഉടൻ തന്നെ ചോരക്കുഞ്ഞുമായി ലിസ അവിടെനിന്നു കടന്നുകളയുകയും ചെയ്തു.
ആക്രമണത്തിന് ഒരു മണിക്കൂറിനു ശേഷം രക്തക്കുളത്തിലാണ് സ്റ്റിനെറ്റിനെ അമ്മ ബെക്കി ഹാർപ്പർ കണ്ടെത്തിയത്. ഹാർപ്പർ ഉടൻ തന്നെ 911 എന്ന ഹെൽപ്പലൈൻ നന്പറിൽ വിളിച്ചു.
മകൾക്കു സംഭവിച്ച മുറിവുകൾ “വയറു പൊട്ടിത്തെറിച്ചതുപോലെ’ ആയിരുന്നെന്ന് ഹാർപ്പർ വിവരിച്ചു. സ്റ്റിനെറ്റിനെ മേരിവില്ലിലെ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രതി പിടിയിൽ
പിറ്റേന്ന്, 2004 ഡിസംബർ 17, കൻസാസിലെ മെൽവെർണിലുള്ള ഫാംഹൗസിൽ വച്ച് ലിസ മോണ്ട്ഗോമറിയെ അറസ്റ്റ് ചെയ്തു. പോലീസ് വീട്ടിലെത്തുന്പോൾ സ്വീകരണമുറിയിൽ കൈക്കുഞ്ഞുമായി ടെലിവിഷൻ കാണുകയായിരുന്നു ലിസ.
കുഞ്ഞിന്റെ കാര്യം ചോദിച്ചപ്പോൾ ആദ്യമൊന്നും ലിസ സമ്മതിച്ചില്ല. കുഞ്ഞ് തനിക്ക് ജനിച്ചതാണെന്നാണ് അവർ പോലീസിനെ അറിയിച്ചത്. പിന്നീടു നടത്തിയ ഡിഎൻഎ ടെസ്റ്റിലൂടെ കുഞ്ഞ് ലിസയുടേതല്ലെന്നു തെളിഞ്ഞു. കുഞ്ഞിനെ പോലീസ് പിതാവായ സെബ് സ്റ്റിനെറ്റിന്റെ കൈയിൽ ഏൽപ്പിച്ചു.
കൊല്ലപ്പെട്ട ബോബി ജോ സ്റ്റിനെറ്റും ലിസയും തമ്മിൽ നടത്തിയ ആശയവിനിമയങ്ങളും ഫോറൻസിക് തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റം ചെയ്തത് ലിസയാണെന്നു പോലീസ് കണ്ടെത്തിയത്.
തന്റെ ഗർഭം അലസിപ്പോയതാണ് ലിസ മോണ്ട്ഗോമറിയെക്കാണ്ട് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. ഗർഭിണിയാണെന്നു ലിസ നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ലിസ എങ്ങനെ ഇങ്ങനെയായി
ഒരാൾക്ക് എങ്ങനെ ഇത്രയും വലിയ ക്രൂര കൃത്യം ചെയ്യാൻ കഴിയും. ലിസയുടെ ഈ ക്രൂര കൃത്യത്തിനു പ്രതിഭാഗം കോടതയിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയായിരുന്നു.
കുട്ടിക്കാലത്തു കടുത്ത ചൂഷണത്തിന് ഇരയായ വ്യക്തിയായിരുന്നു ലിസ. രണ്ടാനച്ഛൻ അവളെ ദുരുപയോഗിച്ചു. പിന്നീട് അയാളുടെ സുഹൃത്തുക്കൾക്കു കൈമാറി.
സ്വന്തം അമ്മ തന്നെ ഇത്തരം ഇടങ്ങളിലേക്ക് അവളെ പറഞ്ഞയച്ചു. നിരന്തരം കൊടിയ മർദനങ്ങളും ലിസയ്ക്ക് ഏൽക്കേണ്ടിവന്നു. “ലിസയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നു പലർക്കും അറിയാമെങ്കിലും അവരെ സഹായിക്കാൻ ആരും ഇടപെട്ടില്ല,” അറ്റോർണി സാന്ദ്ര ബാബ്കോക്ക് മുമ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
അവളുടെ കുറ്റബോധത്തെക്കുറിച്ച് ഒരു ചോദ്യവുമില്ലെങ്കിലും കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളും കുട്ടിക്കാലത്ത് അവൾ അനുഭവിച്ച കടുത്ത ലൈംഗിക ചൂഷണവും കണക്കിലെടുത്തില്ലെന്നു പ്രതിഭാഗം കോടതയിൽ വാദമുന്നയിച്ചിരുന്നു. അഭിഭാഷകർ 7,000 പേജുള്ള ദയാഹർജി നൽകുകയും ചെയ്തിരുന്നു.