തിരുവനന്തപുരം: കേരളത്തിലെത്തി കാണാതായ ജർമൻ യുവതി ലിസ വെയ്സ് 2009ലും സംസ്ഥാനത്തെത്തിയതായി വിവരം. 2009ൽ അമൃതാനന്ദമയി ആശ്രമത്തിൽ ലിസ എത്തിയതായാണ് പ്രത്യേക അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്.
അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഴുവൻ പോലീസ് മേധാവിമാരോടും സഹായം അഭ്യർഥിച്ച് കേരള പോലീസ് കത്തയച്ചു. മതപാഠശാലകളും ആത്മീയ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. മാർച്ചിൽ കേരളത്തിലെത്തിയ ലിസ വെയ്സിനെ കാണാതായതു സംബന്ധിച്ച് മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയിരുന്നു.
മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ മാർച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് എവിടെയെന്നു വിവരമില്ല. ലിസയെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയ ടാക്സി ഡ്രൈവറെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാൾ കേരളത്തിൽ എത്തുന്പോൾ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ മാർച്ച് 15-ന് തിരികെപോയതായും അന്വേഷണത്തിൽ വ്യക്തമായി.
ഇരുവരുടെയും യാത്രാ രേഖകളിൽ കൊല്ലം അമൃതപുരി എന്ന മേൽവിലാസം നൽകിയിട്ടുണ്ട്. എന്നാൽ ഇവർ അമൃതാനന്ദമയി ആശ്രമത്തിൽ എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇതോടെ ആശ്രമത്തിൽ എത്തിയ വിദേശികളുടെ പട്ടിക പോലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതിയുടെ തിരോധാനത്തിൽ ഇന്റർപോളിന്റെ അടക്കം സഹായം പോലീസ് തേടിയിട്ടുണ്ട്.