സിജോ പൈനാടത്ത്
കൊച്ചി: മാലദ്വീപില്‍നിന്നുള്ള എട്ടു മാസം പ്രായമുള്ള യൂന്‍ കൊച്ചിയില്‍ സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയ്ക്കുശേഷം സമ്മാനമായി ലഭിച്ച ഓണപ്പുടവ ധരിച്ച് അത്തംനാളില്‍ ആശുപത്രി വിട്ടു.
മുഹമ്മദ് യുനാന്റെയും ഫാത്ത്മത്ത് റിഹ് ലയുടെയും മകളായ യൂനിന് എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണു പുതുജീവിതം ലഭിച്ചത്.
ഹൃദയത്തിലെ ശുദ്ധ, അശുദ്ധരക്തങ്ങള് വഹിക്കുന്ന കുഴലുകള്‍ പരസ്പരം മാറിയ നിലയിലാണു കഴിഞ്ഞ 30നു കുഞ്ഞിനെ ലിസിയില്‍ എത്തിച്ചത്. അപകടകരമായ ശ്വാസതടസവും ശരീരത്തില്‍ നീലനിറവും കുഞ്ഞിനുണ്ടായിരുന്നു.
ഡോ. ജി.എസ്. സുനിലിന്റെ നേതൃത്വത്തില്‍ എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണു ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലെത്തിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാലദ്വീപ് സര്‍ക്കാര്‍ കുഞ്ഞിന്റെ യാത്രയ്ക്കും ചികിത്സയ്ക്കും പ്രത്യേക താത്പര്യമെടുത്തിരുന്നു. ചികിത്സാ ചെലവ് പൂര്‍ണമായി മാലദ്വീപ് സര്‍ക്കാരാണ് ഏറ്റെടുത്തത്. യൂനിന് ആശുപത്രിയില്‍ നല്കിയ യാത്രയയപ്പില്‍ ഡയറക്ടര്‍ ഫാ. പോള്‍ കരേടൻ ഓണപ്പുടവ സമ്മാനിച്ചു.
മാതാപിതാക്കള്‍ക്കൊപ്പം യൂന്‍ കേക്ക് മുറിച്ചു. യൂനിന്റെ പിതാവ് മുഹമ്മദ് മാലദ്വീപിലെ പ്രമുഖ അഭിനേതാവാണ്. ചാനല്‍ പ്രൊഡ്യൂസറും സംവിധായികയുമാണു മാതാവ് റിഹ്ല.
പുതുഹൃദയസ്പന്ദനങ്ങളോടെ ഓണപ്പുടവയണിഞ്ഞു യൂനും മാതാപിതാക്കളും ഇന്നലെ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. ചൊവ്വാഴ്ച അവിടുന്നു മാലദ്വീപിലേക്ക്.