പൊൻകുന്നം: രണ്ടു വയസുകാരൻ ലിമോണിനെ നെഞ്ചിൽ ചേർത്തു പിടിക്കുന്പോൾ എല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കാനാണ് പെറ്റമ്മ ലിസയുടെ ശ്രമം. മോൻ കിണറ്റിലേക്കു വീണതും ഒപ്പം ചാടി വെള്ളത്തിൽ മുങ്ങിത്താണ മോനെ രക്ഷിച്ചതുമെല്ലാം ഓർത്തു പറയുന്പോൾ തേങ്ങുകയാണീ മാതൃഹൃദയം. എല്ലാം ദൈവത്തിന്റെ കൃപ. മോനെ ഈ കരങ്ങളിലേക്ക് വീണ്ടും ചേർത്തു പിടിക്കാൻ തുണയായത് ദൈവത്തിന്റെ സ്നേഹം മൂലമാണെന്ന് ലിസയും കുടുംബവും.
ബുധനാഴ്ച വൈകിട്ടാണ് എല്ലാവരേയും നടുക്കിയ അപകടം. ചിറക്കടവ് പൈനുങ്കൽപ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റെയും ലിസ(24)യുടേയും ഇരട്ടക്കുട്ടികളിൽ ഒരാളായ ലിമോണ്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്കു വീണപ്പോൾ നീന്തലറിയില്ലായിരുന്നുവെങ്കിലും മാതൃസ്നേഹത്തിന്റെ ശക്തിയിൽ ലിസ കിണറ്റിലേക്കു ചാടുകയായിരുന്നു.
നിറയെ വെള്ളമുള്ള കിണറിന്റെ ആഴത്തിൽ നിന്ന് ലിമോണിനെ കൈക്കുന്പിളിലാക്കി പൊന്തി വന്നപ്പോഴേക്കും ദൈവത്തിന്റെ കരങ്ങളായി രക്ഷകരുമെത്തി.ഓടിക്കൂടിയ പരിസരവാസികളിട്ടു നൽകിയ കയറിൽ പിടിച്ചു നിന്ന ലിസയേയും ലിമോണിനേയും അതു വഴിയെത്തിയ കാർ യാത്രികൻ പെരുന്പള്ളിൽ അനിൽകുമാർ കിണറ്റിലേക്കിറങ്ങി കരയ്ക്കു കയറാൻ സഹായിച്ചു.
വൈകിട്ടു അഞ്ചുമണിയോടെ മുറ്റത്തേക്ക് ഇറങ്ങാനായി വാതിൽ തുറന്നപ്പോൾ ഇരട്ടക്കുട്ടികളായ ലിമോണും ലിയോണും മൂത്തമകൾ ലിമയും പുറത്തിറങ്ങിയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടു പുറത്തെത്തിയപ്പോൾ മകൻ ലിമോണ്‍ കിണറിന്റെ വലയിലെ വിടവിലൂടെ ഉൗർന്ന് കിണറ്റിലേക്കു വീഴുകയായിരുന്നു. രക്ഷപ്പെട്ട് കരയിൽ കയറിയപ്പോൾ മാതൃസ്നേഹത്തിന്റെ നേർക്കാഴ്ചയായി മകനെ ആലിംഗനം ചെയ്തു ലിസ മുത്തം നൽകിയപ്പോൾ ആശ്വാസം കൊണ്ടത് ഒരു നാടാണ്.