എണ്പതുകളിൽ അഭിനേത്രിയായി പ്രേക്ഷകർക്കു മുന്നിലെത്തിയ താരമാണ് ലിസി. മലയാളത്തിൽ നായികയായും ഉപനായികയായും തിളങ്ങിയ ലിസി അക്കാലയളവിൽ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സംവിധായകൻ പ്രിയദർശനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും മാറി നിന്നു. പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മോഹൻലാലിനൊപ്പം മുൻനിരയിലാണ് നമ്മൾ ലിസിയെ കാണുന്നത്. അഭിനേത്രിയായി തുടങ്ങിയെങ്കിലും വിവിധ മേഖലകളിൽ തന്റെ കൈയൊപ്പു ചാർത്താൻ ലിസിക്ക് ഇന്നു കഴിഞ്ഞിരിക്കുന്നു. പ്രിയദർശനുമായി വിവാഹബന്ധം വേർപെടുത്തിയ ലിസി ബിസിനസിന്റെ തിരക്കിലാണിപ്പോൾ. ചെന്നെയിൽ ലിസി ലക്ഷ്മി എന്ന പേരിൽ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഡബ്ബിംഗ് സ്റ്റുഡിയോകളിലൊന്ന് പടുത്തുയർത്താനും ഈ കലാകാരിക്കു കഴിഞ്ഞു. പ്രതിബന്ധങ്ങളിൽ തളരാതെ മുന്നേറുന്ന ലിസിയുടെ വിശേഷങ്ങളിലൂടെ…
അഭിനേത്രി, ബിസിനസ് തുടങ്ങി പല മേഖലകൾ?
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിനെന്നു കരുതുന്നയാളാണ് ഞാൻ. ചില കാര്യങ്ങൾ സംഭവിക്കുന്പോൾ ദുഃഖം തോന്നുമെങ്കിലും പിന്നീടതു മറ്റൊരു നല്ലതിനായി തീരുന്നു. അതിലേക്കെത്താൻ കുറച്ചു ക്ഷമ വേണം എന്നു മാത്രം. ഫുൾ ടൈം ബിസിനസിലേക്കു ഞാനെത്തുമെന്ന് ഒരിക്കലും കരുതിയതല്ല. ചെന്നെയിലെത്തി പ്രിവ്യു തിയറ്ററും ഡബ്ബിംഗ് തിയറ്ററുമായി കഠിനാധ്വാനം ചെയ്തപ്പോഴാണ് മികച്ച ഒരു നിലയിലേക്കെത്താൻ എനിക്കു സാധിച്ചത്. അത് ആത്മ വിശ്വാസമാണ്. അതാണ് എന്നെ നയിക്കുന്നതും.
ലിസി ലക്ഷ്മി ഡബ്ബിംഗ് സ്റ്റുഡിയോ?
പുതിയൊരു സ്റ്റുഡിയോയുമായി ഞാനെത്തുന്പോൾ മുടക്കു മുതൽ കണ്ടെത്തുക എന്നതു പ്രധാന ഘടകമായിരുന്നു. എത്ര വലിയ സിനിമ ആയാലും അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ഡബ്ബിംഗിന് ഏറെ പ്രാധാന്യമുണ്ട്. ആർട്ടിസ്റ്റുകളുടെ ശബ്ദം സിനിമയിൽ നിർണായകമാണ്. അതുകൊണ്ടു തന്നെ ഈ സ്റ്റുഡിയോയുടെ നിർമ്മാണത്തിലും അതിന്റെ സജീകരണത്തിലും സൗണ്ട് എഡിറ്ററും ഡിസൈനറുമായ റസൂൽ പൂക്കുട്ടിയുടെ സഹായം വളരെ വലുതായിരുന്നു. കാരണം വർക്കിന്റെ കാര്യത്തിൽ ഒരു കോപ്രമൈസിംഗിനുമില്ലാത്തയാളാണ് റസൂൽ. അദ്ദേഹത്തിന്റെ വലിയ പിന്തുണയും മാർഗ നിർദ്ദേശവുമുണ്ടായി. കഠിനാധ്വാനത്തിനു നല്ല പ്രതിഫലം കിട്ടുമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ തന്നെ മികച്ച സൗണ്ട് റെക്കോർഡിംഗ് സ്റ്റുഡിയോ ആയി എന്റെ ലിസി ലക്ഷ്മി മാറിയത്.
സന്തോഷവും അഭിമാനവും?
ഒരു സ്ത്രീ എന്ന നിലയിൽ എന്റെ കുട്ടികളുടെ അമ്മയായിരിക്കുന്നതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം. അവരുടെ കാര്യങ്ങൾ നോക്കി, നല്ല നിലയിലെത്തിക്കുക. എന്നാൽ അതു മാത്രമല്ല ജീവിതം. ഞാൻ ചെന്നൈയിലെത്തി ഡബ്ബിംഗ് സ്റ്റുഡിയോ എറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ എന്റെ പേരിൽ തന്നെ ഒരു വലിയ സൗണ്ട് സ്റ്റുഡിയോ ആരംഭിക്കാനും ഗ്രാന്റായി അതിന്റെ ഉദ്ഘാടനം നടത്താനും സാധിച്ചത് വലിയ കാര്യമാണ്. അതിന് ഈശ്വരന്റെ വലിയ അനുഗ്രഹമുണ്ടായിരുന്നു. ഒരു കാര്യം നമ്മൾ ആത്മാർത്ഥതയോടെ ചെയ്താൽ അതിന്റെ മറുപാതി ഈശ്വരൻ ചെയ്തുതരുമെന്നതാണ് എന്റെ അനുഭവം.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ മേഖലയിൽ സ്ത്രീകൾ കുറവാണ്. അവിടേക്ക് ഇനിയുമേറെ സ്ത്രീകളെത്തണം. അതു അത്ര കഠിനകരമായ കാര്യമല്ല. നമ്മളെക്കൊണ്ടു സാധിക്കുമെന്ന വിശ്വാസമാണ് വേണ്ടത്. എനിക്കും ഇതൊക്കെ പുതിയൊരു തുടക്കമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു ഡബ്ബിംഗ് സ്റ്റുഡിയോയാണ് ചെന്നൈയിൽ എന്റെ പേരിൽ ആരംഭിക്കാൻ സാധിച്ചത്. അതുതന്നെ വലിയ നേട്ടമായാണ് ഞാൻ കാണുന്നത്. പ്രഗത്ഭരായ ഉലകനായകൻ കമലഹാസനെയും ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയേയും സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിനായി കൊണ്ടുവരാൻ സാധിച്ചതും വലിയ അഭിമാനമായാണ് ഞാൻ കാണുന്നത്.
പുതിയ ജീവിതം?
സ്റ്റുഡിയോട് ചേർന്നാണ് ഇപ്പോൾ എന്റെ ജീവിതം. ഇതിന്റെ നിർമ്മാണത്തിൽ മുഴുവൻ സമയവും ഞാനുണ്ടായിരുന്നു. എനിക്കു പൊടി അലർജിയാണ്. എങ്കിലും മാസ്ക് കെട്ടി വെളുപ്പിനെ രണ്ടു മണിവരെ എന്റെ ജോലിക്കാർക്കൊപ്പം ചെലവഴിച്ചു. ഇപ്പോൾ ഓരോ ദിവസവും എന്റെ ജീവിതം സ്റ്റുഡിയോയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു ചേർന്നാണ്. ഞായറാഴ്ചകളിൽ പോലും പലപ്പോഴും ഞാൻ സ്റ്റുഡിയോയിൽ കാണും. എന്റെ ആത്മാവ് ഇപ്പോൾ അവിടെയാണ്. അത് എനിക്കു ഒരു ജോലിയല്ല, ജീവിതമാണ്.
കമലഹാസനുമായുള്ള സൗഹൃദം?
ചെറുപ്പം മുതൽ കമലഹാസന്റെ വലിയ ആരാധികയായിരുന്നു ഞാൻ. മാഗസിനിലൊക്കെ വരുന്ന അദ്ദേഹത്തിന്റെ ഫോട്ടോസ് പണ്ട് ഞാൻ കീറിവയ്ക്കുമായിരുന്നു. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ അവസരം കിട്ടി. കമൽ സാറിന്റെ നായികയായി വിക്രം എന്ന ചിത്രത്തിലേക്കു വിളിച്ചപ്പോൾ എനിക്കതു വിശ്വസിക്കാനെ കഴിയുമായിരുന്നില്ല.
അൽവാർപേട്ടിലെ കമൽ സാറിന്റെ ഓഫീസിലെത്തിയപ്പോൾ അദ്ദേഹമാണ് കഥ പറഞ്ഞു തന്നത്. പക്ഷേ, അതൊന്നും എന്റെ മനസിൽ കയറിയില്ല. കാരണം ഞാൻ അദ്ദേഹത്തെതന്നെ നോക്കിയിരിക്കുകയാണ്. ഒരു വെളുത്ത ലിനൻ ഷർട്ടും നീല ജീൻസുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. സർ, എന്റെ ഡേറ്റ് നോക്കുകയേ വേണ്ട, ഞാൻ റെഡിയാണെന്നാണ് കമൽസാറിനോട് അപ്പോൾതന്നെ പറഞ്ഞത്. അഡ്വാൻസ് എന്റെ കയ്യിലേക്കു തന്നപ്പോൾ എനിക്കു സ്വപ്നമായാണ് അന്നു തോന്നിയത്. അങ്ങനെയാണ് കമൽസാറിനൊപ്പം വിക്രം എന്ന സിനിമ ചെയ്യുന്നത്. ആ സൗഹൃദം ഇന്നും ഞങ്ങൾ കാത്തു സൂക്ഷിക്കുന്നു.
മകളും സിനിമയിലേക്ക്?
കല്യാണി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഇപ്പോൾ ഒരു തെലുങ്കു ചിത്രത്തിൽ നായികയായി അഭിനയിച്ചു. അഖിൽ നാഗാർജുനയാണ് നായകൻ. അവരുടെ തന്നെ പ്രൊഡക്ഷനിലുള്ള ചിത്രമാണ്. ഇതിൽ ഏറെ സന്തോഷം തോന്നിയത്, അമലയുടേയും നാഗാർജുനയുടേയും മകൻ എന്റെ മകൾക്ക് ആദ്യ നായകനായി എത്തിയെന്നതാണ്. ഞാൻ ആദ്യമായി തെലുങ്കു ചിത്രം ചെയ്യാൻ ഒരുങ്ങിയപ്പോൾ അതിൽ നാഗാർജുനയായിരുന്നു നായകൻ. അതിന്റെ പൂജയ്ക്കൊക്കെ പോയിരുന്നു. എന്നാൽ പിന്നെ കമൽസാറിന്റെ ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷായാണ് ആ സിനിമ മാറിപ്പോയത്. അന്നു നാഗാർജുനയ്ക്കൊപ്പം എനിക്കു സിനിമ ചെയ്യാൻ സാധിച്ചില്ലെങ്കിലും നാഗയുടെ മകനു നായികനായി എന്റെ മകൾ കരിയർ ആരംഭിച്ചതാണ് വലിയ സന്തോഷം.
സിനിമയുടെ വിശേഷം?
സൂര്യയെ നായകനാക്കി 24 എന്ന ചിത്രം ഒരുക്കിയ വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണത്. നല്ല ബാനറും ഹീറോയും സംവിധായകനും ഒപ്പം നല്ലകഥാപാത്രവുമായി എല്ലാം നല്ലരീതിയിൽ ഒത്തുചേർന്നൊരു ടീമിനൊപ്പം കല്യാണിക്കു സിനിമ ആരംഭിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ്. ആ സിനിമയുടെ ഓഡീഷനല്ലാതെ ലൊക്കേഷനിലേക്കു കല്യാണിക്കൊപ്പം എനിക്കു പോകേണ്ടി വന്നട്ടില്ല. കാരണം അമലയും നാഗയും നാഗയുടെ സഹോദരി സുപ്രിയയുമടക്കം കല്യാണിക്ക് അവരുടെ കുടുംബാംഗം എന്നപോലെ വളരെ നല്ല പിന്തുണയാണ് നൽകുന്നത്.
വീണ്ടും അഭിനയ രംഗത്തേക്ക്?
ബിസിനസും കാര്യങ്ങളുമായി ഞാൻ തിരക്കിലാണ്. എങ്കിലും അതു വിട്ട് ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്പോൾ അത് അത്രത്തോളം താല്പര്യം നമുക്കു നൽകണം. രാവിലെ എഴുന്നേൽക്കുന്പോൾ ഷൂട്ടിംഗിനു പോകാൻ നമ്മളെത്തന്നെ പ്രേരിപ്പിക്കുന്ന ഘടകം അതിലുണ്ടാകണം. നല്ല ടീമും എന്റെ വയസിനു ചേരുന്ന, എന്നാൽ വെറുതെ വന്നു പോകുന്നതല്ല, കഥയിൽ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കണം എന്നു തോന്നിയാലാണ് സിനിമ ഇനി ചെയ്യുക.
തെലുങ്കിലൂടെ വീണ്ടും?
മലയാളത്തിൽ നിന്നും നിരവധി സിനിമകളിലേക്ക് എന്നെ വിളിക്കുന്നുണ്ട്. തമിഴ്, തെലുങ്കു ചിത്രങ്ങളും അവസരം നൽകുന്നുണ്ട്. എങ്കിലും അതിൽ നിന്നും ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരു തെലുങ്ക് ചിത്രമാണ്. ഓരോ കാരണങ്ങളാൽ ഉപേക്ഷിച്ചതാണ് മറ്റു ചിത്രങ്ങളൊക്കെ. തെലുങ്കിൽ നല്ല ടീമിനൊപ്പമുള്ളൊരു ചിത്രമാണ്. നല്ലൊരു വേഷമാണ് അതിൽ ചെയ്യുന്നത്. നടൻ നിതിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമയാണത്.
അമ്മയ്ക്കൊപ്പം മകളും?
തെലുങ്കിലാണെങ്കിലും ഞങ്ങൾ രണ്ടുപേരും വ്യത്യസ്തങ്ങളായ സിനിമകളാണ് ചെയ്യുന്നത്. കല്യാണി നായികയായി അഭിനയിക്കുന്പോൾ ഞാൻ എന്റെ ചിത്രത്തിൽ നായികയുടെ അമ്മ വേഷത്തിലാണ് അഭിനയിക്കുന്നത്. ഞങ്ങളുടെ രണ്ടുപേരുടേയും സിനിമകൾ ഒരേ സമയം തന്നെ തിയറ്ററിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടുസിനിമകളും മികച്ച വിജയം നേടണമെന്നാണ് ആഗ്രഹം.
എണ്പതിന്റെ റിയൂണിയൻ?
ഇന്നു സിനിമയുടെ രീതികൾ മാറി. ആർക്കും മറ്റാരോടും സൗഹൃദമില്ല. ഷൂട്ടിംഗിൽ കാരവനിലാണ് എല്ലാവരും. ഞങ്ങളുടെ സമയത്ത് അങ്ങനെയായിരുന്നില്ല. ഒന്നിച്ചിരുന്നു കാര്യങ്ങൾ പറയുന്നു, ഭക്ഷണം കഴിക്കുന്നു. എല്ലാവരുമായി ഒരുപോലെ ഇടപഴകുന്നു. അത്തരമൊരു ഷൂട്ടിംഗ് ആംപിയൻസുണ്ടായിരുന്നു ആ കാലത്തെ സിനിമകൾക്ക്. ഒരു കുടുംബം പോലെ ജീവിച്ചിരുന്നു. ഒരിക്കൽ മീനയുടെ വിവാഹ നിശ്ചയത്തിനായി ഒരു ഹോട്ടലിൽ പോയ സമയത്താണ് സുമലതയെ കാണുന്നത്. കുറേ നാളിനുശേഷമാണ് അന്നു ഞങ്ങൾ കാണുന്നത്. അവിടെത്തന്നെ തമിഴ് നടൻ മോഹനുമുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചു ജോലി ചെയ്തവരാണ്. കൂടുതൽ പേരും ചെന്നൈയിൽ തന്നെയുണ്ട്. എല്ലാവരും ഒത്തു ചേരുന്നതിന്റെ ആലോചന അങ്ങനെയാണ് എന്റെ മനസിൽ എത്തുന്നത്. എന്നാൽ അതു പ്രാവർത്തികമാക്കാൻ കുറച്ചു പ്രയാസമുള്ള കാര്യമാണ്.
എല്ലാവരുമായി ബന്ധമുള്ളത് ഞങ്ങൾക്കിടയിൽ സുഹാസിനിക്കായിരുന്നു. അവരുമായി ഞാൻ ഇതു സംസാരിച്ചു. നമുക്കു ഒരു ഗെറ്റ് ടുഗതർ സംഘടിപ്പിക്കാമെന്നു ഞാൻ സുഹാസിനിയോടു പറഞ്ഞു. എന്തിനു ചെറുതായി സംഘടിപ്പിക്കണം, നമുക്കെല്ലാവരേയും വിളിക്കാമെന്നായി സുഹാസിനി. എണ്പതുകളിലെ എല്ലാവരേയും വിളിക്കാനും അതു സംഘടിപ്പിക്കാനും സാധിക്കില്ല. അങ്ങനെയാണ് എനിക്കൊപ്പവും സുഹാസിനിക്കൊപ്പവും വർക്കു ചെയ്ത നമുക്കു പരിചിതമായവരെ മാത്രം വിളിക്കാമെന്ന ധാരണ വരുന്നത്. ഒന്നിച്ചു പ്രവർത്തിച്ചവരെ വിളിച്ചപ്പോൾ എല്ലായിടത്തു നിന്നും മികച്ച പ്രതികരണങ്ങളാണ് കിട്ടിയത്. ഒപ്പം പ്രവർത്തിച്ച എല്ലാ അഭിനേതാക്കളേയും വിളിക്കണമെന്നാണ് ഞങ്ങളുടെ ആശ. പക്ഷേ, അതു നമുക്കു സംഘടിപ്പിക്കാനാവില്ല. അങ്ങനെയാണ് ഞങ്ങൾക്കൊപ്പം വർക്കു ചെയ്ത എണ്പതുകളിലെ ഹീറോകളും ഹീറോയിൻസും എന്നതിലേക്കു ചുരക്കിയത്. അത്തരത്തിലാണ് ഒരു റീയൂണിയൻസംഘടിപ്പിച്ചത്. ജീവിതത്തിൽ വളരെ ആനന്ദം പകർന്ന അനുഭവമായിരുന്നു അത്.