കെ.കെ.അർജുനൻ
വിയ്യൂർ: തൃശൂർ നഗരത്തിന്റെ രാജവീഥികളിലേക്ക് അലറിയാർത്ത് ചുവടുവച്ചെത്തുന്ന വിയ്യൂർ സെന്ററിന്റെ പുലിക്കളി സംഘത്തെ മുന്നിൽനിന്ന് നയിക്കുക ഇത്തവണ രണ്ടു പെണ്കുട്ടിപ്പുലികൾ! 12 വയസുകാരി വൈഗയും ഏഴുവയസുകാരി ആരാധ്യയും.
വിയ്യൂർ സെന്ററിന്റെ ഇത്തവണത്തെ ഹൈലൈറ്റും ഈ പെണ്കുട്ടിപ്പുലികൾ തന്നെ.
കോലഴി സ്വദേശി ജിബിന്റെ മകളാണ് വൈഗ.
തൃശൂർ ചെന്പുക്കാവ് ഹോളിഫാമിലി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് വൈഗ. കഴിഞ്ഞ വർഷവും വൈഗ വിയ്യൂരിന്റെ പുലികൾക്കൊപ്പം ശക്തന്റെ തട്ടകം കീഴടക്കാനെത്തിയിരുന്നു. അച്ഛൻ ജിബിൻ നേരത്തെ പുലിവേഷം കെട്ടിയിരുന്നുവെങ്കിലും ഇത്തവണ കെട്ടുന്നില്ല.
തലോർ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി ആരാധ്യ കഴിഞ്ഞ ദിവസം പുലിക്കളി സംഘത്തിനൊപ്പം ചുവടുവച്ച് ചാനലുകളിലും സോഷ്യൽ മീഡിയയിലും വൈറലായതോടെ വിയ്യൂരിനെ നയിക്കാൻ നിയോഗിക്കപ്പെടുകയായിരുന്നു. അച്ഛൻ എം.ആർ. രമേശനൊപ്പമാണ് ആരാധ്യ പുലിവേഷമണിയുന്നത്.
വിയ്യൂരിന്റെ പുലിമടയിലെത്തിയ മുൻ മന്ത്രി വി.എസ്.സുനിൽകുമാർ വിയ്യൂരിന്റെ പുലികളെ നയിക്കുന്ന വൈഗയെയും ആരാധ്യയെയും കണ്ട് അഭിനന്ദനമറിയിച്ചാണ് മടങ്ങിയത്.
പുലികൾക്ക് ആവേശം പകരാൻ സുരേഷ്ഗോപിയും കുഞ്ചാക്കോ ബോബനും
തൃശൂർ: പുലിക്കളി കളറാക്കാൻ എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം തൃശൂർക്കാർ ഗഡികള് ചെയ്യും. ഇത്തവണ പുലിക്കളി വൈറലാക്കാൻ മലയാള സിനിമയിലെ സൂപ്പർതാരങ്ങളെത്തന്നെ രംഗത്തിറക്കുകയാണ് പുലിസംഘങ്ങൾ.
നടൻ സുരേഷ്ഗോപി പുലിമടകളിൽ സന്ദർശനം നടത്തി ഓരോ ടീമിനും അന്പതിനായിരം രൂപ വീതം സമ്മാനമായി നൽകി. 50,000 രൂപയുടെ ഡിഡിയാണ് സുരേഷ്ഗോപി നൽകിയത്.
നടൻ കുഞ്ചാക്കോ ബോബനും ഇന്ന് വിയ്യൂരിന്റെ പുലിമടയിലെത്തും. കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചാവേർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് വിയ്യൂരിന്റെ പുലിമട സന്ദർശിക്കുന്നത്.