വിഖ്യാത ഡാനിഷ് എഴുത്തുകാരന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ ലോക പ്രശസ്തമായ കഥയാണ് ‘ലിറ്റില്‍ മെര്‍മെയ്ഡ്’. ഇതിന്റെ ഓര്‍മയ്ക്കായി ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ നിര്‍മിച്ച കൊച്ചു മത്സ്യ കന്യകയുടെ രൂപം ലോക പ്രശസ്തമാണ്. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായായി ഈ പ്രതിമയെ വികൃതമാക്കാന്‍ മത്സരിക്കുകയാണ് സൗന്ദര്യബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍.
പാറകളിലൊന്നിന്മേല്‍ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന കൊച്ചു മത്സ്യകന്യകയോട് ഓമനത്തം അല്ലാതെ എന്താണ് തോന്നുക.
പക്ഷെ ഒരു കൂട്ടം ആളുകള്‍ അവളുടെ ദേഹം മുഴുവന്‍ ചുവപ്പിച്ചിരിക്കുകയാണ് ജീവനില്ലാത്ത മത്സ്യകന്യകയെ പ്രതീകാത്മകമായി ചോരയില്‍ കുളിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. മുന്‍ സാഹചര്യങ്ങളെ അപേക്ഷിച്ച് ആളുകളെ കുറ്റം പറയണോ വേണ്ടയോ എന്ന സംശയം മാത്രം ബാക്കി. മത്സ്യകന്യകയുടെ ഇളം മേനിയിലെ പെയിന്റെല്ലാം മാറ്റി വൃത്തിയാക്കിയെങ്കിലും ഇത് എന്തിനു വേണ്ടിയാണു ചെയ്തത് എന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദമാണ് ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചയായിരിക്കുന്നത്. ഇതു ചെയ്തവരെ പിടികൂടിയിട്ടില്ലെങ്കിലും തങ്ങളുടെ ലക്ഷ്യം അവര്‍ പ്രതിമയുടെ സമീപത്ത് തന്നെ ചുവന്ന പെയിന്റിനാല്‍ എഴുതിയിട്ടിരുന്നു. പൈലറ്റ് തിമിംഗലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ‘ഗ്രിന്‍ഡഡ്രാ'(Grindadrap) ആഘോഷത്തിന് ഡെന്മാര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ‘മത്സ്യകന്യകയ്ക്കു’ നേരെയുള്ള ഈ പെയിന്റാക്രമണം.
ഡെന്മാര്‍ക്കിനു കീഴിലുള്ള സ്വയംഭരണദ്വീപാണ് ഫറോ ഐലന്റ്‌സ്. ഇവിടെ എല്ലാ വേനലിലും നടക്കുന്നതാണ് ഗ്രിന്‍ഡഡ്രാ. ചില പ്രത്യേക വിഭാഗക്കാര്‍ ഏറെ വര്‍ഷങ്ങളായി പാലിച്ചു പോരുന്നതാണിത്. അതിനാല്‍ത്തന്നെ സര്‍ക്കാരിന്റെ ഉള്‍പ്പെടെ പിന്തുണയുമുണ്ട്. പക്ഷേ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ഇതിനെതിരെ പോരാട്ടത്തിലാണ്; കാരണവുമുണ്ട്. കടലിനെ രക്തപങ്കിലമാക്കുന്ന ആചാരമാണിത്. നോര്‍ത്ത് അറ്റ്ലാന്റിക്കില്‍ തീരത്തോട് ചേര്‍ന്ന് കാണപ്പെടുന്നവയാണ് പൈലറ്റ് തിമിംഗലങ്ങള്‍. ഇവയെ മാംസത്തിനു വേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. ഗ്രിന്‍ഡഡ്രായുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ചവര്‍ കടലിലേക്കിറങ്ങും. കയ്യില്‍ ചാട്ടുളിയുമായി ചെറുബോട്ടുകളിലാണ് യാത്ര. മുന്‍പാണെങ്കില്‍ എവിടെ നിന്നു വേണമെങ്കിലും ഈ യാത്ര തുടങ്ങാമായിരുന്നു. എന്നാലിന്ന് സര്‍ക്കാര്‍ ഇടപെട്ട് ചില പ്രത്യേക തീരമേഖല ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അവിടെ നിന്ന് കടലിലേക്ക് നിര്‍ദിഷ്ട ദൂരത്തില്‍ മാത്രമേ സഞ്ചരിക്കാവൂ; മിക്കവാറും ഒരു നോട്ടിക്കല്‍ മൈല്‍. ആ പരിധിയില്‍ ചുറ്റിത്തിരിയുന്ന പൈലറ്റ് തിമിംഗലങ്ങളെ മാത്രമേ കൊല്ലാവൂ എന്നും നിര്‍ദേശമുണ്ട്.
ഗ്രിന്‍ഡഡ്രാ നടക്കുന്ന സമയത്ത് പൈലറ്റ് തിമിംഗലങ്ങള്‍ തീരപ്രദേശത്തു വരുന്നത് പതിവാണ്. ഇവയെ കൊല്ലാനുള്ള ചാട്ടുളി മൃഗവിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നിര്‍മിക്കുക. ഇവ പ്രയോഗിക്കാനും പ്രത്യേക പരിശീലനമുണ്ട്. ചാട്ടുളി ദേഹത്തു തറച്ചാല്‍ നട്ടെല്ലിലേക്കു തുളച്ചു കയറും വിധമാണ് പ്രയോഗം. അതോടെ തിമിംഗലങ്ങളുടെ പാതി ബോധം പോകും. പിന്നെ അവയെ തീരത്തേക്ക് ‘ആട്ടിയോടിക്കും’. അതിനോടകം ചാട്ടുളിപ്രയോഗത്തിലൂടെ കടല്‍ മുഴുവന്‍ ചോര കലങ്ങിയിട്ടുണ്ടാകും. തീരത്തേക്കടുക്കുന്ന തിമിംഗലങ്ങളെ അറുത്ത് മാംസമെടുത്താണ് ബാക്കി ആഘോഷം. തിമിംഗലങ്ങളെ അധികം വേദനിപ്പിക്കാതെ കൊല്ലാവുന്ന എല്ലാ വഴികളും നോക്കിയിട്ടുണ്ടെന്നാണ് ഈ ആഘോഷത്തെ ന്യായീകരിക്കുന്നവരും അധികൃതരും പറയുന്നത്. അതായത് എല്ലാം 10 മിനിറ്റ് കൊണ്ടു തീരുമെന്ന്. പക്ഷേ ഇഞ്ചിഞ്ചായുള്ള ഈ കൊല്ലലിനെ എന്തൊക്കെപ്പറഞ്ഞാലും ന്യായീകരിക്കാനാകില്ലെന്ന അഭിപ്രായത്തിലാണ് മൃഗസംരക്ഷണ പ്രവര്‍ത്തര്‍. സീ ഷെപ്പേഡ് ഗ്ലോബല്‍ എന്ന പാരിസ്ഥിതിക സംഘടന വര്‍ഷങ്ങളായി ഈ തിമിംഗലവേട്ടക്കെതിരെ പോരാടുന്നവരാണ്. നിയമത്തില്‍ വരെ ഭേദഗതി നടത്തി ഡെന്മാര്‍ക്കും ഫറോ ദ്വീപുകാര്‍ക്കൊപ്പം നിന്നതോടെയാണ് ‘ലിറ്റില്‍ മെര്‍മെയ്ഡി’നു നേരെ ആക്രമണമുണ്ടായത്.
വര്‍ഷം തോറും ലക്ഷക്കണക്കിന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഈ പ്രതിമയ്ക്കു പക്ഷേ ആക്രമണങ്ങളൊന്നും പുത്തരിയല്ല. 1909ലാണ് പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്. ഡാനിഷ് എഴുത്തുകാരന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ ലിറ്റില്‍ മെര്‍മെയ്ഡ് എന്ന കൃതിയില്‍ നിന്നു തന്നെ പ്രചോദനമുള്‍ക്കൊണ്ടാണിത് തയാറാക്കിയത്. ‘കാള്‍സ്‌ബെര്‍ഗ്’ മദ്യക്കമ്പനി സ്ഥാപകന്റെ മകന്‍ കാള്‍ ജേക്കബ്‌സണാണ് ഇതിനു വേണ്ടി പണം മുടക്കിയത്. 1964ലും 98ലും ഈ മത്സ്യകന്യകയുടെ തല നഷ്ടപ്പെട്ടു. 1984ല്‍ കൈ ആരോ തല്ലിത്തകര്‍ത്തു. 1972ലും 2007ലും ഉള്‍പ്പെടെ ഈ പ്രതിമ പെയിന്റിനാല്‍ വികൃതമാക്കപ്പെട്ടിട്ടുമുണ്ട്. പലപ്പോഴും ഇളക്കിമാറ്റി വലിച്ചെറിയപ്പെട്ടിട്ടു പോലുമുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വത്തിന് തുര്‍ക്കിയുടെ ശ്രമമുണ്ടായപ്പോള്‍ മത്സ്യകന്യകയെ ബുര്‍ഖയണിയിച്ചുമുണ്ടായി പ്രതിഷേധം. ഇനിയും അത്തരം ആക്രമണങ്ങള്‍ തുടരുമെന്നതിന്റെ സൂചനയാണ് ഏറ്റവും പുതിയ പെയിന്റാക്രമണവും. തന്റെ പ്രിയതമനെ സ്വന്തമാക്കാന്‍ വേണ്ടി ത്യാഗം സഹിച്ചിച്ച് ഒടുവില്‍ ഒരു കടല്‍പതയായി സമുദ്രത്തില്‍ അലിഞ്ഞു ചേര്‍ന്ന ആ മത്സ്യകന്യകയ്ക്ക് ഇതൊക്കെ എത്ര നിസാരം.