ചാനല്‍ ചര്‍ച്ചയ്ക്കിടെ ലൈവിലെത്തിയ റിപ്പോര്‍ട്ടറെ സുന്ദരാ എന്നു വിളിച്ചതിന് വിശദീകരണം തേടാതെ വാര്‍ത്താ അവതാരകയെ സസ്പെന്റ് ചെയ്ത് കുവൈത്തിലെ ഔദ്യോഗിക ടെലിവിഷന്‍. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രേക്ഷകരെ അറിയിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു ബാസിമ അല്‍ ഷമ്മാര് എന്ന അവതാരക. വാര്‍ത്തയുടെ പുതിയ വിവരങ്ങള്‍ ലഭിക്കാനായി ചുമതലപ്പെടുത്തിയിരുന്ന റിപ്പോര്‍ട്ടറുമായി ബന്ധപ്പെടുന്നതിനിടെയിലാണ് സംഭവം അരങ്ങേറിയത്.
നവാഫ് അല്‍ ഷിറാകി എന്ന റിപോര്‍ട്ടറാണ് പുതിയ വിവരങ്ങള്‍ അറിയിക്കാനായി ലൈവില്‍ എത്തിയത്. വാര്‍ത്ത പറയുന്നതിനുമുമ്പായി അദ്ദേഹം തന്റെ തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു. ഇതുകണ്ട അല്‍ ഷാമ്മര്‍ അറബിക്കില്‍ അദ്ദേഹത്തെ സുന്ദരാ എന്നു അഭിസംബോധന ചെയ്യുകയായിരുന്നു. വാര്‍ത്ത ലൈവായതോടെ ലോകം മുഴുവനും ആ സംഭവം കണ്ടു.
തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു വയ്ക്കേണ്ട ആവശ്യമില്ല. നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്. ഇതായിരുന്നു ബാസിമ അല്‍ ഷമ്മാര് പറഞ്ഞതും തല്‍സമയം പ്രേക്ഷകര്‍ കേട്ടതും. നിഷ്കളങ്കമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ബാസിമ അല്‍ ഷമ്മാറിന്റെ അഭിപ്രായം ഇഷ്ടപ്പെട്ടില്ല വലിയൊരു വിഭാഗത്തിന്. ഒരുതരം കൊഞ്ചിക്കുഴയലായാണ് അവരതിനെ വ്യാഖ്യാനിച്ചത്.