തിരുവനന്തപുരം: കോഴി വ്യാപാരികളും ധനകാര്യമന്ത്രിയും ചർച്ച നടത്തി പ്രഖ്യാപിച്ച വിലയിൽ ഇപ്പോഴും കോഴിയിറച്ചി ലഭിക്കില്ല. പല സ്ഥലങ്ങളിലും കോഴിയിറച്ചിക്ക് വ്യത്യസ്ത വില. ഒരു കിലോ ലൈവ് ചിക്കന് 120രൂപ മുതൽ 130വരെയാണ് വ്യാപാരികൾ ഈടാക്കുന്നത്. ഡ്രസ് ചെയ്ത ഒരു കിലോ ഇറച്ചിക്ക് 175 മുതൽ 190വരെയാണ് ഈടാക്കുന്നത്. തലസ്ഥാന ജില്ലയിലെ കോഴിയിറച്ചി കടകളിലും പൗൾട്രി ഫാമുകളിലും ഇത്തരത്തിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സമാനമായാണ് കോഴി വ്യാപാരികൾ ഇറച്ചി വിൽപ്പന നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെപ്കോയിലെ കോഴിവില കിലോക്ക് 130 ഉം ഇറച്ചിക്ക് 158രൂപയുമാണ് ഈടാക്കുന്നത്. കോഴിക്കോട് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കട്ടിംഗ് ചാർജ് വാങ്ങാൻ അദ്ദേഹം നിർദേശിച്ചിട്ടുണ്ടെന്ന് കോഴി വ്യാപാരികൾ പറയുന്നു. ധനമന്ത്രി ഡോ.തോമസ് ഐസക്ക് വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നത് കോഴി കിലോക്ക് 87 രൂപയ്ക്ക് വിൽപ്പന നടത്തണമെന്നായിരുന്നു.
കോട്ടയം: കോഴി കച്ചവടക്കാരുടെ സമരം തീർന്നെങ്കിലും ആരും കട തുറക്കുകയോ സർക്കാർ പറഞ്ഞ വിലയ്ക്ക് വിൽക്കാനോ തയാറല്ല. 87 രൂപ വിലയ്ക്ക് ഒരു കിലോഗ്രാം കോഴി നല്കണമെന്നാണ് സർക്കാർ നിർദേശം. ഇതനുസരിച്ച് സമരം തീർന്നതായി ഇന്നലെ ധനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്ന് ആരും കട തുറന്നിട്ടില്ല. കോഴി വിതരണം ചെയ്യുന്ന ഏജൻസികളുടെ ഇന്നത്തെ വില 105രൂപ. 105രൂപയ്ക്ക് കോഴി വാങ്ങി 87 രൂപയ്ക്ക് വിൽക്കാനാവില്ല. അതിനാൽ കട തുറക്കുന്നില്ല.
ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായിട്ടേ ഇനി കട തുറക്കുന്നുള്ളൂവെന്ന് ചിക്കൻ മർച്ചന്റ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. അതായത് സർക്കാർ നിർദേശമനുസരിച്ചുള്ള വിലയ്ക്ക് കോഴി വിൽക്കാനാവില്ലെന്ന്. ഇതോടെ ഇന്നും കോഴിക്കടകൾ അടഞ്ഞു തന്നെ. അതേ സമയം ഹോട്ടലുകളിലേക്കും മറ്റും സ്ഥിരമായി കോഴിയിറച്ചി കൊടുക്കുന്നവർ അതു മുടക്കാതെ നല്കുന്നുണ്ട്. കട തുറന്ന് കച്ചവടം നടത്തുന്നില്ല.