മാഡ്രിഡ്: ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. തന്നെ മോശയി സ്പർശിച്ച യുവാവിനെതിരെ പ്രതികരിച്ച് അവതാരക. സ്പാനിഷ് ചാനലിലെ മാധ്യമപ്രവർത്തകയെയാണ് ഒരു യുവാവ് അപമാനിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു.
ഇസ ബലാഡോ എന്ന റിപ്പോർട്ടർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മാഡ്രിഡിലെ ഒരു തെരുവിൽ നിന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു യുവാവ് മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നു.
ബലാഡോ റിപ്പോർട്ടിംഗ് തുടർന്നെങ്കിലും പ്രോഗ്രാം അവതാരകൻ നാച്ചോ അബാദ് അത് തടസപ്പെടുത്തി. തന്റെ പുറകിൽ സ്പർശിച്ചെന്ന് ബലാഡോ സ്ഥിരീകരിച്ചതോടെ ആ “ഇഡിയറ്റിനെ’ കൂടി കാമറയിൽ കാണിക്കാൻ അബാദ് ആവശ്യപ്പെട്ടു.
മോശമായി സ്പർശിച്ചതിനെക്കുറിച്ച് ബലാഡോ യുവാവിനോട് ചോദിച്ചെങ്കിലും തമാശയോടു കൂടി അയാൾ അത് നിഷേധിച്ചു. പിന്നീട് തിരിച്ചുനടക്കുമ്പോൾ അയാൾ മാധ്യമപ്രവർത്തകയുടെ തലയിൽ തൊടുന്നതും വീഡിയോയിൽ കാണാം.
മാധ്യമപ്രവർത്തകയെ അപമാനിച്ച യുവാവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുവാവ് ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് സ്പെയിനിലെ തൊഴിൽ മന്ത്രി യോലാൻഡ ഡയസ് പ്രതികരിച്ചു.