ഓർമ്മക്കുറവിനും വിഷാദത്തിനും ചികിത്സ തേടിയെത്തിയ സ്ത്രീയുടെ തലച്ചോറിനുള്ളിൽ നിന്ന് ഡോക്ടർമാർ കണ്ടെത്തിയത് 8 സെന്റീ മീറ്റർ വലിപ്പമുള്ള ജീവനുള്ള വിരയെ.
മൂന്നാഴ്ചയായി വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് 64 വയസുകാരിയെ 2021 ജനുവരിയിൽ പ്രാദേശിക ആശുപത്രിയിൽ ആദ്യമായി പ്രവേശിപ്പിക്കുന്നത്. തുടർന്ന് നിരന്തരമായ വരണ്ട ചുമയും പനിയും കൂടിവന്നു.
2022 ഓടെ മറവിയും വിഷാദവും തുടങ്ങി. ഇതേതുടർന്ന് കാൻബെറ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി ഇവരെ പ്രവേശിപ്പിച്ചു. പിന്നാലെ എംആർഐ സ്കാനിനുശേഷം ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു.
എന്നാൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 8 സെന്റീമീറ്റർ നീളത്തിൽ ഇളം ചുവപ്പ് നിറത്തിലുള്ള ജീവനുള്ള വിരയെയായിരുന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വിരയെ ഒരു CSIRO ശാസ്ത്രജ്ഞന്റെ ലബോറട്ടറിയിലേക്ക് അയച്ചതായി ഡോക്ടർമാർ അറിയിച്ചു.
സാധാരണയായി ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള പെരുമ്പാമ്പുകളുടെ ദഹനനാളത്തിലാണ് ഇത്തരത്തിലുള്ള വിരകളെ കാണപ്പെടുന്നത്. ഓസ്ട്രേലിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണപ്പെടുന്ന വിഷമില്ലാത്ത പാമ്പുകളിലാണ് ഇവയുള്ളത്.
പെരുമ്പാമ്പിന്റെ വിസർജ്യത്തിലൂടെ ഈ വിര പുല്ലിലേക്ക് വീണതാവാമെന്നും,നാടൻ പുല്ലുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ അല്ലെങ്കിൽ പച്ചിലകൾ കഴിക്കുന്നതിലൂടെയോ രോഗിയുടെ ശരീരത്തിൽ ഇവ പ്രവേശിച്ചതാകാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു.