ഇക്വഡോർ: തൽസമയ ടിവി പരിപാടി നടക്കുന്ന സ്റ്റുഡിയോയിൽ തോക്കുധാരികൾ ഇരച്ചുകയറി പരിപാടി തടസപ്പെടുത്തി. ഇക്വഡോറിലെ ടിവി സ്റ്റേഷൻ ടിസിയുടെ തത്സമയ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ച ആയുധധാരികൾ കടന്നുകയറി അക്രമം കാണിച്ചത്.
ചാനലിൽ ലൈവ് പ്രോഗ്രാം നടക്കുന്ന സമയത്ത് തോക്കുകളുമായി സ്റ്റുഡിയോയിൽ എത്തിയ അക്രമകാരികൾ തോക്കുകൾ ഉയർത്തിക്കാട്ടി ജീവനക്കാരോടു തറയിൽ ഇരിക്കാൻ പറഞ്ഞു. ഇതിനിടെ വെടിയുടെ ശബ്ദം കേൾക്കുകയും ചാനലിൽ നടന്നുകൊണ്ടിരുന്ന ടെലിവിഷൻ പരിപാടി തടസപ്പെടുകയുംചെയ്തു. അതേസമയം മറ്റൊരു ചാനൽ ടിവി, അക്രമം നടന്ന ചാനലിന്റെ പുറത്തുനിന്നുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു.
ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇക്വഡോറിൽ പ്രസിഡന്റ് ഡാനിയൽ നൊബോവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്താണ് ടിവി ചാനൽ അതിക്രമ സംഭവം നടന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് അക്രമസംഭവങ്ങൾ വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഏഴ് പോലീസുകാരെ തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.