രോഗാണുബാധ ഉള്ളവരിൽ നിന്നു രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവർക്ക് ഉപയോഗിച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ ബാധിക്കാറുള്ളത്. രോഗാണുബാധയുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾക്ക് മഞ്ഞപ്പിത്തം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
ഹെപ്പറ്റൈറ്റിസ് ബി, ബാധിക്കുന്നവരിൽ അത് നീണ്ട കാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്നമായി മാറാവുന്നതാണ്. അതിനും പുറമെ കരൾവീക്കം, മഹോദരം, കരളിനെ ബാധിക്കുന്ന കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും.
സ്വന്തം ആരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുന്നതിനും നന്നായി നിലനിർത്താനും കരളിന് സ്വന്തമായി തന്നെ കഴിവുണ്ട്. ഒരുപാട് രോഗങ്ങൾ കരളിനെ ബാധിക്കുന്നതാണ് പ്രശ്നമാകുന്നത്. ഈ പ്രശ്നങ്ങൾ നിസാരമായും അശാസ്ത്രീയമായും കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീർണതകളും ഗുരുതരാവസ്ഥകളുംഉണ്ടാകുന്നത്.
അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ട
വിശപ്പ് കുറയുന്പോഴും ശരീരഭാരം കുറയുമ്പോഴും കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴും ഇപ്പോഴും പലരും മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം കൊണ്ടുനടക്കുന്നതു കാണാറുണ്ട്. ഒറ്റമൂലികൾ അന്വേഷിച്ച് പോകുന്നവരും ധാരാളമാണ്.
ഇങ്ങനെ അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരിലായിരിക്കും കരൾ രോഗങ്ങൾ ഗുരുതരമായ അവസ്ഥയിൽ ആകാനുള്ള സാധ്യത കൂടുതൽ ഉണ്ടാകുക.
കരൾ നിലനിൽക്കാൻ
• മദ്യപാനം ഉള്ളവർ അത് ഉപേക്ഷിക്കണം. എപ്പോഴെങ്കിലും മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളവർ മദ്യം കാണാൻ പോലും പാടില്ല എന്നാണ് വൈദ്യശാസ്ത്ര മേഖലയിൽ ഉള്ളവർ പറയാറുള്ളത്.
• വൃത്തിയില്ലാത്ത ആഹാരം, ജ്യൂസുകൾ, വെള്ളം എന്നിവ കഴിക്കരുത്. പഴങ്ങൾ, പച്ചക്കറികൾ എന്നിവ നന്നായി നല്ല വെള്ളത്തിൽ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. വഴിയരികിൽ തുറന്ന് വച്ച് വിൽപ്പന നടത്തുന്ന ആഹാരങ്ങളും പാനീയങ്ങളും കഴിക്കാതിരിക്കുക.
• സമീകൃതാഹാരം ശീലമാക്കുക. ശരീരത്തിന് ആവശ്യമായ പോഷകാംശങ്ങൾ വേണ്ട അളവിൽ ലഭിക്കാൻ അത് സഹായിക്കും.
• മരുന്നുകൾ കഴിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ അത് യോഗ്യത നേടിയിട്ടുള്ള ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രം കഴിക്കുക. മരുന്നുകൾ ഡോക്ടർ പറയുന്ന അളവിലും സമയങ്ങളിലും കഴിക്കുകയും വേണം. മരുന്നുകൾ കഴിക്കുന്നത് അശാസ്ത്രീയ രീതിയിലായാൽ അതിന്റെ ഫലമായി കരളിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാവുന്നതാണ്. • രോഗാണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കരുത്. എപ്പോഴെങ്കിലും രക്തം സ്വീകരിക്കേണ്ടി വരികയാണെങ്കിൽ രക്തദാനം ചെയ്യുന്ന വ്യക്തിയുടെ രക്തം അണുബാധ ഇല്ലാത്തതാണെന്ന് ഉറപ്പു
വരുത്തണം.
• അതിരുകളില്ലാത്ത ലൈംഗിക ബന്ധങ്ങൾ നല്ലതല്ല എന്നറിയണം.
* പുകയിലയുടെ എല്ലാ രീതിയിലൂള്ള ഉപയോഗവും ഉപേക്ഷിക്കാൻ തയാറാകണം.
• അന്തരീക്ഷ മലിനീകരണം ഉള്ള സഥലങ്ങളിൽ പോകുന്നതും താമസിക്കുന്നതും ഒഴിവാക്കുക.