കൊച്ചി: കരള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി സബിനെയാണ് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കരള്‍ രോഗബാധിതനായ മലപ്പുറം സ്വദേശി ബിപിന്‍ സൗജന്യമായി കരള്‍ മാറ്റിവയ്ക്കുന്നതിന് തന്റെ കരള്‍ നല്‍കാം എന്ന് ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ബിപിന്റെ ചികിത്സാസഹായനിധിയിലേക്ക് നാട്ടുകാര്‍ സമാഹരിച്ച 32,100 രൂപ ഇയാള്‍ ഇക്കഴിഞ്ഞ മൂന്നു മുതല്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ തട്ടിയെടുക്കുകയായിരുന്നു.
ആശുപത്രിയില്‍ ഇയാളുടെ രക്തപരിശോധന നടത്തിയപ്പോള്‍ ബി പോസിറ്റീവ് എന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതി ഇത് അംഗീകരിക്കാതെ സ്വകാര്യ ലാബില്‍ വീണ്ടും പരിശോധന നടത്തി ഒ പോസിറ്റീവ് എന്ന വ്യാജ പരിശോധനാഫലം ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് നഗരത്തിലെ മറ്റൊരു പ്രമുഖ ആശുപത്രിക്കാരെയും ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചു. അവര്‍ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ബിപിന്‍ ചേരാനല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സബിന്‍ കോട്ടയം ജില്ലയില്‍ പലരെയും ഇത്തരത്തില്‍ കബളിപ്പിച്ച് നല്ലൊരു തുക തട്ടിയെടുത്തിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാര്‍ പറഞ്ഞു.
കോട്ടയം സ്വദേശിനിയായ ഒരു യുവതിക്ക് വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പല തവണകളായി 18,000 രൂപ തട്ടിയെടുത്തിരുന്നു.
പോലീസ് സബിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് കിട്ടിയ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതി തട്ടിപ്പിന് ഇരയായ കാര്യം മനസിലായത്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.