ലണ്ടൻ: ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുഹമ്മദ് സല കളി അവസാനത്തോടടുത്തപ്പോൾ നേടിയ ഗോളിൽ ലിവർപൂൾ 2-2ന് ആഴ്സണലുമായി സമനിലയിൽ പിരിഞ്ഞു. സ്വന്തം കാണികളുടെ മുന്നിൽ രണ്ടു തവണ മുന്നിൽനിന്നശേഷമാണ് ആഴ്സണൽ കളിയുടെ അവസാനം സമനില വഴങ്ങിയത്.
പോയിന്റ് പട്ടികയിൽ 23 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും 22 പോയിന്റുമായി ലിവർപൂൾ രണ്ടാമതും 18 പോയിന്റുമായി ആഴ്സണൽ മൂന്നാമതുമാണ്. ഒന്പതാം മിനിറ്റിൽ ബുകായോ സാക്ക ആഴ്സണലിനെ മുന്നിലെത്തിച്ചു.
23 വർഷവും 52 ദിവസവും പ്രായമുള്ള ഇംഗ്ലീഷ് താരത്തിന്റെ 50-ാമത്തെ പ്രീമിയർ ലീഗ് ഗോളാണിത്. ആഴ്സണലിനായി 50 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലുമെത്തി സാക്ക.
ഈ ലീഡിന് ഒന്പത് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കോർണറിൽനിന്നു വന്ന പന്തിൽ ലൂയിസ് ഡയസ് നൽകിയ ഹെഡ് പാസിൽനിന്ന് വിർജിൽ വാൻ ഡിക്കിന്റെ ഹെഡർ ആഴ്സണലിന്റെ വലയിൽ കയറി. 43-ാം മിനിറ്റിൽ മൈക്കിൽ മെരീനോയുടെ ഗോളിൽ പീരങ്കപ്പട വീണ്ടും മുന്നിലെത്തി.
രണ്ടാം പകുതിയിൽ ലിവർപൂൾ കൂടുതൽ ആക്രമിച്ചു കളിച്ചു. 81-ാം മിനിറ്റിൽ ഡാർവിൻ നൂനസിന്റെ ക്രോസിൽനിന്ന് സല വലകുലുക്കി.
പ്രീമിയർ ലീഗിൽ സല നേടുന്ന 163-ാമത്തെ ഗോളാണിത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരുടെ പട്ടികയിൽ എട്ടാമതും ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റോബി ഫ്ളവറിനൊപ്പവുമെത്തുകയും ചെയ്തു.