പാരീസ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്കായുള്ള പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളും. 329 ദശലക്ഷം ഡോളർ (ഏകദേശം 2700 കോടി രൂപ) എംബാപ്പെയ്ക്കുവേണ്ടി ലിവർപൂൾ മുടക്കുമെന്നാണു റിപ്പോർട്ടുകൾ.
റയൽ മാഡ്രിഡ് മുന്പുതന്നെ എംബാപ്പെയ്ക്കായി രംഗത്തുണ്ട്. കരിം ബെൻസേമയുടെ ഒഴിവിലേക്കു റയൽ എംബാപ്പെയെ പരിഗണിക്കുന്നെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, ജൂഡ് ബെല്ലിംഗ്ഹാമിനെ വാങ്ങിയതോടെ വാർത്തകളുടെ തള്ള് കുറഞ്ഞു. 2024വരെയാണ് എംബാപ്പെയ്ക്കു പിഎസ്ജിയുമായി കരാറുള്ളത്. കരാർ പുതുക്കില്ലെന്ന് എംബാപ്പെ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, എംബാപ്പെയെ ഫ്രീ ഏജന്റായി വെറുതെ വിട്ടുനൽകാൻ പിഎസ്ജിക്കു താത്പര്യമില്ല. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ എംബാപ്പെയെ ഈ സീസണിൽ തന്നെ വിറ്റ്, കോടികളുടെ നേട്ടമുണ്ടാക്കാനാണു ക്ലബ്ബിന്റെ ശ്രമം. റയൽ മാഡ്രിഡുമായാണു ചർച്ചകൾ നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ 200 ദശലക്ഷം യൂറോയോ ഒരു സൂപ്പർ താരത്തെയോ ആണു പിഎസ്ജി ആവശ്യപ്പെടുന്നത്. ബ്രസീലിയൻ താരം വിനീസ്യുസ് ജൂണിയറിനെയാണു പിഎസ്ജിക്കു താത്പര്യം.
എന്നാൽ, താരത്തെ നൽകില്ലെന്നു റയൽ വ്യക്തമാക്കി. ഇതോടെ, എംബാപ്പെയുടെ ഇടപാടിൽ റയൽ ഗോൾകീപ്പർ തിബോ കോർട്ടോയെയും ഉൾപ്പെടുത്തണമെന്നു പിഎസ്ജി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, എംബാപ്പെയുമായി കരാർ ഒപ്പിട്ടാൽ ക്ലബ്ബ് വിടുമെന്നു ബ്രസീലിയൻ താരം റോഡ്രിഗോ റയലിനെ അറിയിച്ചു. എംബാപ്പെ വന്നാൽ തനിക്കു പ്ലെയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കില്ലെന്ന തിരിച്ചറിവാണു താരത്തിന്റെ നീക്കത്തിനു കാരണം.