ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മികച്ച ജയം സ്വന്തമാക്കിയപ്പോള്‍ ആഴ്സണല്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്നു ഗോളിന് ഹഡേഴ്സ്ഫീല്‍ഡ് ടൗണിനെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തി. ആഴ്സണല്‍ ഒന്നിനെതിരേ മൂന്നു ഗോളിന് സ്വാന്‍സി സിറ്റിയോടു തോറ്റു. ജയത്തോടെ സ്വാന്‍സി തരംതാഴ്ത്തല്‍ ഘട്ടത്തില്‍നിന്ന് പുറത്തുകടന്നു.
തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട ലിവര്‍പൂള്‍ ഹഡേഴ്സ്ഫീല്‍ഡില്‍ നേടിയ ജയത്തോടെ വിജയപാതയിലേക്കു തിരിച്ചെത്തി. എമര് കാന്‍, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഗോളില്‍ ലിവര്‍പൂള്‍ ആദ്യ പകുതിയില്‍ തന്നെ കളിയുടെ നിയന്ത്രണം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മുഹമ്മദ് സാലഹ് പെനാല്‍റ്റി വലയിലാക്കി യുര്‍ഗന്‍ ക്ലോപ്പിന്റെ ടീമിന് മികച്ച ജയം നല്കി.
വിവിധ ടൂര്‍ണമെന്റിലായി കഴിഞ്ഞ എട്ടു കളിയില്‍ ലിവര്‍പൂളിന്റെ ആറാം ജയമാണ്. പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ 50 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഹഡേഴ്സ്ഫീല്‍ഡിന്റെ തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് തോല്‍വിയാണ്. കഴിഞ്ഞ ഏഴു കളിയിലും ടീമിനു ജയിക്കാനായിട്ടില്ല.
സ്വന്തം ജോണ്‍ സ്മിത്് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ സ്വന്തം കാണികളുടെ മുന്നില്‍ കളിച്ച ഹഡേഴ്സ്ഫീല്‍ഡ് തുടക്കത്തില്‍ ലിവര്‍പൂളിനെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തു. എന്നാല്‍ 26-ാം മിനിറ്റില്‍ കാന്‍ നേടിയ ഗോള്‍ ആതിഥേയരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. പെനാല്‍റ്റി ബോക്സിനു പുറത്തുനിന്ന് കാന്റെ നിലംപറ്റെയുള്ള ലോംഗ്ഷോട്ട് ചുവന്നകുപ്പായക്കാരെ മുന്നിലെത്തിച്ചു.
ഹഡേഴ്സ്ഫീല്‍ഡ് തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി. ബോക്സിനു പുറത്തുനിന്നു ലഭിച്ച പന്തുമായി മുന്നോട്ടു കയറിയ ഫിര്‍മിനോ മൂന്നു പ്രതിരോധക്കാരെ വെട്ടിച്ച് പന്ത് വലയിലാക്കി.78-ാം മിനിറ്റില്‍ കാനെ പെനാല്‍റ്റി ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച സ്പോട് കിക്ക് സാലഹ് വലയിലാക്കി സന്ദര്‍ശകരുടെ വിജയം ഉറപ്പിച്ചു.
നാണകെട്ട് ചെക്കും ആഴ്സണലും
ആഴ്സണലിനെതിരേ നേടിയ ജയം സ്വാന്‍സി സിറ്റിയെ താത്കാലികമായി റെലഗേഷന് സോണില്‍നിന്നു കടത്തി. കഴിഞ്ഞ മൂന്നു മാസമായി പോയിന്റ് നിലയില്‍ അവസാന മൂന്നു പേരില്‍ ഒന്നായിരുന്ന സ്വാന്‍സി ജയത്തോടെ 17-ാം സ്ഥാനത്തെത്തി. സാം ക്ലോകസ് ഇരട്ട ഗോള്‍ നേടി.
ആഴ്സണല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന്റെ മണ്ടത്തരങ്ങളാണ് സ്വാന്സിക്കു ജയമൊരുക്കിയത്. 61-ാം മിനിറ്റില്‍ ചെക്കിന്റെ ദുര്‍ബലഷോട്ട് ജോര്‍ദാന്‍ അയേവിന് ഗോള്‍ നേടാന്‍ ഇടകൊടുത്തു. 86-ാം മിനിറ്റില്‍ ക്ലോകസ് സ്വാന്സിയുടെ ജയം ഉറപ്പിച്ചു. നാച്ചോ മോണ്റയലിന്റെ ഗോളില്‍ ആഴ്സണലാണ് ആദ്യം ഗോളടിച്ചത്. എന്നാല്‍ ഈ ലീഡ് ക്ലോകസ് ആദ്യ പകുതിയി ൽതന്നെ കര്‍ത്തു.
2018ല്‍ ആഴ്സണലിന് ഇതുവരെ എവേ ഗ്രൗണ്ടില്‍ ജയിക്കാനായിട്ടില്ല. കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളില്‍ പീരങ്കിപടയ്ക്ക് ഒരു ജയം മാത്രമേ നേടാനായുള്ളൂ. നിലവില്‍ 42 പോയിന്റുമായി ആഴ്സണല്‍ ആറാം സ്ഥാനത്താണ്.
കളിയുടെ ആദ്യ മുതലേ ഇരുടീമും ശക്തമായി പൊരുതി. 33-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിന്റെ മികച്ച പാസിലേക്ക് ബോക്സിനുള്ളില്‍ ഓടിക്കയറിയ മോണ്റയല് തൊട്ടടുത്തുനിന്ന് വലകുലുക്കി. 60 സെക്കന്‍ഡിനുള്ളില്‍ സ്വാന്‍സി തിരിച്ചടിച്ചു. ഓസിലിന്റെ കാലില്‍നിന്ന് ലഭിച്ച പന്ത് സ്വാന്‍സി പ്രതിരോധതാരം ആല്‍ഫി മാവ്സണ്‍ മുന്നില്‍നിന്ന ക്ലോകസിനു നല്കി. പന്തുമായി മുന്നോട്ടുകയറിയ താരം ചെക്കിനെ വെട്ടിച്ച് പന്ത് വലയിലാക്കി. പ്രീമിയര്‍ ലീഗില്‍ 200-ാം ക്ലീന്‍ ഷീറ്റെന്ന ചെക്കിന്റെ മോഹം പൊലിഞ്ഞു. അനായസം കൈയിലൊതുക്കാമായിരുന്ന പന്തിന് മുന്നോട്ട് കയറി നിന്ന ചെക്കിനെ വെട്ടിച്ച് ക്ലോകസ് സ്വാന്സിക്കു സമനില നല്കി.
രണ്ടാം പകുതിയില്‍ ആഴ്സണല്‍ ലീഡിനായി ശ്രമം ശക്തമാക്കി. എന്നാല്‍ അപ്രതീക്ഷിതമായി പീരങ്കിപടയുടെ വല കുലുങ്ങി. മോണ്റയലിന്റെ ത്രോബോള്‍ ഷകോര്ദന് മുസ്താഫിക്കു നല്കി. മുസ്താഫി പന്ത് ചെക്കിനു കൊടുത്തു. എന്നാല്‍ ഗോള്‍കീപ്പറുടെ ദുര്‍ബലമായ കിക്ക് ഓടി വന്ന അയേവിന്റെ കാലുകളിൽ കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ അയേവ് സ്വാന്സിക്കു ലീഡ് നല്കി. മുഴുവന്‍ സമയം തീരാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ അയേവ് ഒരുക്കിയ പാസില്‍ ക്ലോകസ് സ്വാന്സിയുടെ വിജയം ഉറപ്പിച്ചു.