ഒരു കാര്യവുമില്ലാതെ മറ്റു ജീവികളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്ന കുറേയധികം മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ദിവസവും നിരവധി ജീവജാലങ്ങളാണ് മനുഷ്യന്റെ ക്രൂരതകള്‍ക്കിടയായി കൊല്ലപ്പെടുന്നത്.പുതുമയുടെ പേരില്‍ ചൈനയിലെ ബെയ്ജിംഗില്‍ അത്തരമൊരു ക്രൂരത പരസ്യമായി നടന്നു. അവിടെ കടകളില്‍ കടലാമ, മത്സ്യം എന്നിവയെ ജീവനോടെ പിടിച്ച് ചെറിയ പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ളില്‍ നിറച്ച് കീച്ചെയിനുകളായി വില്ക്കപ്പെടുകയാണ്.
പല നിറങ്ങളുള്ള വെള്ളത്തിലാണ് ഇവയെ നിക്ഷേപിക്കുന്നത്. അവയോടൊപ്പം കൂടുതല്‍ ആകര്‍ഷണീയത തോന്നാന്‍ മുത്തുകളും, അലങ്കാര വസ്തുക്കളും അതില്‍ നിക്ഷേപിക്കുന്നു. അവിടത്തെ ഈ മനുഷ്യത്വരഹിതമായ പ്രവണത പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെയും, ധാതുക്കളുടെയും ഓക്സീകരണം മൂലം മൃഗങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെന്നാണ് കടയുടമകള്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഒന്ന് അനങ്ങാന്‍ കൂടി കഴിയാത്ത അത്തരം പ്ലാസ്റ്റിക് കൂടുകളില്‍ കിടന്ന് അവ കുറച്ചു ദിവസം കഴിയുമ്പോള്‍ ചാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മൃഗ കീച്ചെയിനുകളുടെ വില 1.50 ഡോളറാണ് (110 രൂപയില്‍ താഴെ) രൂപ. ഷാങ്ഹായ് പോലുള്ള മിക്ക ചൈനീസ് നഗരങ്ങളുടെയും ട്രെയിന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് ഇത് വില്ക്കപ്പെടുന്നുണ്ട്. സ്റ്റഫ് ചെയ്ത മൃഗങ്ങളില്‍ ഭൂരിഭാഗവും ഉഭയജീവികളാണ്, അതിനാല്‍ അവ വെള്ളത്തില്‍ കഴിയുന്നത്ര സമയം ഭൂമിയിലും കഴിയേണ്ടത് അത്യാവശ്യമാണ്. വെള്ളത്തില്‍ കിടക്കുന്ന മൃഗങ്ങള്‍ക്ക് അതിജീവിക്കണമെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവയെ കൂടുകളില്‍ നിന്ന് പുറത്തെടുക്കണം.
പക്ഷേ, എത്രപേര്‍ ചെയ്യുമത്. മിക്കവയും ഭക്ഷണവും, വായുവും ഇല്ലാതെ പതിയെ വെപ്രാളപ്പെട്ട് മരിക്കുന്നു. ഇത് മൃഗങ്ങളോട് കാണിക്കുന്ന പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണെന്നാണ് മൃഗസംരക്ഷണ സംഘടനകള്‍ പറയുന്നത്. ഈ ക്രൂരത തടയാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തണുപ്പന്‍ മട്ടാണ് ഭരണകൂടത്തിന്.
ഇത് ഏറ്റവും കൂടുതല്‍ കൗമാരക്കാര്‍ക്കിടയിലാണ് തരംഗമാകുന്നത്. പ്ലാസ്റ്റിക്കില്‍ ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെങ്കിലും, മൃഗങ്ങള്‍ മരിക്കുന്നത് അതിനകത്തുള്ള അമോണിയ മൂലമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിലെ ഡോ. സാം വാള്ട്ടന് പറയുന്നു. താപനിലയിലെ വ്യതിയാനങ്ങള്‍ ജലജീവികളെ പെട്ടെന്നു ബാധിക്കുന്നു.
അതായത് ഇതുപോലുള്ള ഒരു ബാഗിലിരിക്കുന്നത് ഒരുപക്ഷേ അവര്‍ക്ക് ഒരു ഹരിതഗൃഹത്തില്‍ ആയിരിക്കുന്നതു പോലെയാണ്. അതിനുള്ളില്‍ കിടന്ന് അവ പട്ടിണി മൂലമോ, ശ്വാസംമുട്ടിയോ ചാകുന്നു. ഗവണ്മെന്റ് ഉടനടി ഇതിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ക്രൂരതകള്‍ പരിധിയില്ലാതെ ആവര്ത്തിക്കപ്പെടുമെന്നുറപ്പാണ്.