സ്വന്തം ലേഖകൻ
തൃശൂർ: പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ച് തൃശൂരിലും ലിവിംഗ് ടുഗെദർ നിശാപാർട്ടികൾ സജീവം. പാർട്ടിയിലേക്ക് ഒഴുകുന്നത് അതി മാരക മയക്കുമരുന്നുകൾ.
കഴിഞ്ഞ ദിവസം എംഡിഎംഎ എന്ന മാരക മയക്കുമരുന്നും നാലുകിലോ കഞ്ചാവുമായി പിടിയിലായ കാസർകോട് സ്വദേശി അബ്ദുൾസലാമിനെ(29) എ്ക്സൈസ് പിടികൂടിയപ്പോഴാണ് എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള ലിവിംഗ് ടുഗെദർ രീതികൾ തൃശൂരിലും വേരുറച്ചതായി മനസിലായത്.
പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരെ അന്പരപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്തുവന്നത്.ലിവിംഗ് ടുഗെദർ സംസ്കാരം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് ഒരു യുവാവിനൊപ്പം മൂന്ന് നാല് യുവതികൾ പങ്കിടുന്ന
പാശ്ചാത്യ സംസ്കാരം ഇപ്പോൾ കേരളത്തിലും അനുകരിക്കപ്പെടുന്നുവെന്നും ചിലപ്പോൾ മൂന്നു യുവാക്കൾക്കൊപ്പം ഒരു യുവതി എന്ന നിലയ്ക്കുമാണെന്നും ഇവിടേക്കെല്ലാം മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നുമായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ.
നിശാ പാർട്ടികളും ലിവിംഗ് ടുഗെദർ കേന്ദ്രങ്ങളും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വ്യാപകമാകുന്നുവെന്നും മനസിലായിട്ടുണ്ട്. തൃശൂരും ഒട്ടും പിന്നിലല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സിനിമാ മേഖലയിൽ ഉള്ളവർക്കു മയക്കുമരുന്ന് വില്ക്കുന്നുണ്ടോ നിശാപാർട്ടികളിൽ സിനിമാ മേഖലയിൽ ഉള്ളവരുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ചുവരുന്നു.
ഫ്ളാറ്റുകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം ലിവിംഗ് ടുഗെദർ പാർ്ട്ടികൾ നടക്കുന്നതെന്നും മനസിലായിട്ടുണ്ട്.ആർക്കും യാതൊരു സംശയവും തോന്നാത്ത രീതിയിലാണ് ഇത്തരം ആളുകൾ താമസിക്കുന്നതും പാർട്ടികൾ നടത്തുന്നതും.
പല ഇടപാടുകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്നും അധികൃതർക്ക് മനസിലായിട്ടുണ്ട്. വലിയൊരു റാക്കറ്റ് തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. തുടരന്വേഷണങ്ങൾ എളുപ്പമല്ലാത്തതിനാൽ ബോധവത്കരണം കൊണ്ടു മാത്രമേ രക്ഷയുള്ളു എന്നാണ് അധികൃതർ പറയുന്നത്.
തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്ക് റൈഡിന് പോവുകയായിരുന്നു രണ്ട് യുവാക്കളെയും യുവതികളെയും ലഹരിമരുന്നുപയോഗിച്ച ലക്ഷണങ്ങൾ കണ്ട് ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്നുമായി തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രതിയെ പിടികൂടിയത്. അര ഗ്രാം എംഡിഎംഎയ്ക്ക് ചില്ലറ വിപണിയിൽ 3500 രൂപയാണ് വില.
ഒറ്റത്തവണ ഒരു മില്ലിഗ്രാം ഉപയോഗിച്ചാൽ 12 മണിക്കൂറിലധികം ഇതിന്റെ ലഹരി നിൽക്കുമത്രെ. രാവേറെ നീളുന്ന ലിവിംഗ് ടുഗെദർ പാർട്ടികളിൽ ഇതിനേറെ ഡിമാന്റാണ്.
പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സജീവ്, സതീഷ്കുമാർ,സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ഷാജു, സനീഷ്കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയ പാർട്ടിയിൽ ഉണ്ടായിരുന്നത്.