ഷാജിമോന്‍ ജോസഫ്
കൊച്ചി: ചേരിപ്പോര് രൂക്ഷമായ ഇടതുമുന്നണി ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദളില്‍(എല്‍ജെഡി) പിളര്‍പ്പ് ഒഴിവാക്കാന്‍ സിപിഎം ഇടപെടുന്നു.
ഐഎന്‍എല്‍ പിളര്‍ന്ന് ദിവസങ്ങള്‍ക്കകം മുന്നണിയിലെ മറ്റൊരു ഘടകകക്ഷികൂടി തല്ലിപ്പിരിഞ്ഞാല്‍ അതു മുന്നണിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതാവില്ലെന്ന തിരിച്ചറിവാണു പ്രശ്നത്തില്‍ ഇടപെടാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
പരസ്പരം ഇടഞ്ഞു നില്ക്കുന്ന സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ വിഭാഗത്തിലെയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള എതിര്ചേരിയിലേയും ചില നേതാക്കളോട്, പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് പിളര്‍പ്പ് ഒഴിവാക്കണമെന്ന് സിപിഎമ്മിന്റെ ചില നേതാക്കള്‍ അനൗപചാരികമായി ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
അടുത്ത ഇടതുമുന്നണി യോഗത്തിലും വിഷയം ചര്‍ച്ചയായേക്കും. ഇതിന്റെ പശ്ചാത്തലത്തിലാവും, ശ്രേയാംസ്കുമാറിന്റെ ഭാഗത്തുനിന്ന് ഒരു ദൂതന് കഴിഞ്ഞ ദിവസം മധ്യസ്ഥശ്രമവുമായി പാര്‍ട്ടിയുടെ യൂത്ത് വിംഗിലെ ഒരു നേതാവിനെ സമീപിച്ചിരുന്നു.
ആറു മാസംകൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അദേഹത്തെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭാ എംപി സ്ഥാനം ഒഴിയേണ്ടിവരുന്ന ശ്രേയാംസ്കുമാറിന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍, ഒരിക്കല്‍കൂടി എംപി സ്ഥാനത്തേക്കു വരാന്‍ ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവാണ് ഈ അനുനയനീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
ശ്രേയാംസ്കുമാര്‍ രണ്ടാംവട്ടവും എംപി സ്ഥാനത്ത് കണ്ണുവച്ചിരിക്കുന്നതുകൊണ്ടാണ് നിലവില്‍ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ കെ.പി. മോഹനന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത് എന്നത് പരസ്യമായ രഹസ്യമാണ്.
ഒരു എംഎല്‍എ മാത്രമുള്ള മറ്റു പാര്‍ട്ടികള്‍ക്ക് മന്ത്രിപദവി കിട്ടിയപ്പോള്‍, എല്‍ജെഡിയെ പരിഗണിക്കാതിരുന്നത് പാര്‍ട്ടി പ്രസിഡന്റ് ആവശ്യപ്പെടാത്തത് കൊണ്ടാണെന്ന് ആക്ഷേപിക്കുന്നതും പ്രശ്നം കലുഷിതമാക്കിയിട്ടുണ്ട്.
കല്പറ്റയില് ശ്രേയാംസ്കുമാര്‍ ജയിച്ചിരുന്നുവെങ്കില്‍ അദേഹം മന്ത്രിയാകുമായിരുന്നില്ലേയെന്നും അവര്‍ ചോദിക്കുന്നു.
ഇതിനിടെ ഒരുവശത്ത് അനുനയനീക്കങ്ങള്‍ തുടരുമ്പോഴും മറുവശത്ത് പാര്‍ട്ടിയുടെ നിയന്ത്രണം പിടിക്കാന്‍ ഇരു വിഭാഗവും കരുക്കള്‍ നീക്കുകയാണ്.
ഇതിന്റെ ഭാഗമായി ശ്രേയാംസ്കുമാറിനെ എതിര്ക്കുന്നവിഭാഗം മൂന്നു ജില്ലകളില്‍ സമാന്തരയോഗം ചേര്‍ന്നു. കോഴിക്കോട്, മലപ്പുറം. വയനാട് ജില്ലകളില്‍ വിളിച്ചുചേര്‍ത്ത സമാന്തരയോഗത്തില്‍ ഭൂരിഭാഗം പ്രതിനിധികളും തങ്ങളോടൊപ്പമാണെന്ന് എതിര്‍വിഭാഗം അവകാശപ്പെടുന്നു.
ജില്ലാ പ്രസിഡന്റുമാരും ജില്ലാ ഭാരവാഹികളും ജില്ലകളില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയാണ് ഉയര്‍ന്നുവന്നത്.
14 ജില്ലാ പ്രസിഡന്റുമാരില്‍ 11 പേരും തങ്ങള്‍ക്കൊപ്പമാണെന്നും കോട്ടയം ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, തൃശൂര്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി എന്നിവര്‍ മാത്രമാണ് ശ്രേയാംസ്കുമാറിനെ അനുകൂലിക്കുന്നതെന്നും എതിര്‍പക്ഷം പറയുന്നു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റേത് നിലവില്‍ നിഷ്പക്ഷ സമീപനമാണെങ്കിലും വരുംദിനങ്ങളില്‍ തങ്ങള്‍ക്കൊപ്പമാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കുന്നു. എന്തായാലും കടുത്ത നടപടികളിലേക്ക് കടക്കുംമുമ്പ് അഖിലേന്ത്യാനേതൃത്വത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഇരു വിഭാഗവും.