സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമ്പോള്‍ ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ എല്‍ജെഡി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം മന്ത്രി സ്ഥാനം വേണമെന്ന് ഇടതുമുന്നണിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും സംബന്ധിക്കും. പാര്‍ട്ടിയുടെ വികാരം ശക്തമായി ഉന്നയിക്കാന്‍ നേതാക്കളെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്
ഒരു എംഎല്‍എമാരുള്ള ഘടകകക്ഷികള്‍ക്കു ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്ന വേളയില്‍ ഐഎന്‍എലിന്റെ അഹമ്മദ് ദേവവർ കോവിലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും മന്ത്രിസ്ഥാനം നല്‍കിയിരുന്നു.
രണ്ടര വര്‍ഷത്തേക്കാണ് ഇതു നല്‍കിയിരുന്നത്. കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കും.ഇവര്‍ക്കു പകരമായി കോണ്‍ഗ്രസ് -എസിലെ രാമചന്ദ്രന് കടന്നപ്പള്ളിയെയും കേരളാ കോണ്‍ഗ്രസ് ബിയുടെ കെ.ബി.ഗണേജ്കുമാറിനെയും മന്ത്രിമാരാക്കാനാണ് അന്നത്തെ ധാരണ.
ഇതു നടപ്പാക്കാനാണ് സിപിഎം താത്പര്യപ്പെടുന്നത്. എന്നാല്‍ മുന്നണിയിലെ മാറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ജനപിന്തുണയും സ്വാധീനവും തങ്ങള്‍ക്കുണ്ടെന്നാണ് എല്‍ജെഡിയുടെ നിലപാട്. മുന്‍മന്ത്രി കെ.പി. മോഹനനാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കു വന്‍ വിജയം േനടുന്നതില് വലിയ പങ്കു വഹിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞതായി നേതാക്കള്‍ പറയുന്നു. മുന്നണിയില്‍ നാലാമത്തെ പാര്‍ട്ടിയാണ് തങ്ങളെന്ന് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ജെഡി കഴിഞ്ഞ പാര്ലമെന്റ്തെരഞ്ഞെടുപ്പിനു മുമ്പാണ് എല്‍ഡിഎഫിലേക്ക് തിരിച്ചുവന്നത്. യുഡിഎഫിലേക്കു ചുവടുമാറിയതാണ് എല്ജെഡിയോടു സിപിഎമ്മിനു താത്പര്യം കുറയാന്‍ കാരണം.
പിന്നീടു തിരച്ചുവന്നപ്പോള് വേണ്ടത്ര എംഎല്‍എമാരെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞതുമില്ല. എല്‍ജെഡി ആവശ്യപ്പെട്ടാലും മന്ത്രിസ്ഥാനം കിട്ടാന്‍ സാധ്യത കുറവാണെന്നാണ് സൂചന. നേരത്തെയുണ്ടാക്കിയ ധാരണക്കായിരിക്കും മുന്നണി മുന്‍തൂക്കം നല്‍കുക.