നവാസ് മേത്തർ
തലശേരി: കെ.പി.മോഹനന് മന്ത്രി സ്ഥാനം ലഭിക്കാത്തത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഇടതുമുന്നണിയിൽ ജയിച്ചു വന്ന ഘടകകക്ഷികൾ എല്ലാം മന്ത്രി സ്ഥാനം പങ്കിടുന്പോൾ എൽജെഡി മാത്രം പുറത്തായത് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതിസന്ധിക്കിടയിൽ എൽജെഡി ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടേയും യോഗം രാവിലെ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. ഈ രണ്ട് യോഗങ്ങളിലും വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
മോഹനന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചു കൊണ്ട് രഹസ്യ ധാരണ ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന എം.വി. ശ്രേയാംസ് കുമാർ സംസ്ഥാന പ്രസിഡന്റ്് പദവി ഒഴിയണമെന്നാണ് മോഹനൻ അനുകൂലികൾ ആവശ്യപ്പെടുന്നത്. ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിനെ പ്രസിഡൻറാക്കണമെന്ന നിർദ്ദേശമാണ് ഉയർന്നു വരുന്നത്.
നിലവിലുള്ള സംസ്ഥാന പ്രസിഡൻറിനെതിരെ ഗുരുതരമായ മറ്റ് ചില ആരോപണങ്ങളും മോഹനൻ അനുകൂലികൾ ഉയർത്തുന്നുണ്ട്.എൽജെഡി സ്ഥാനാർഥികൾ മത്സരിച്ച രണ്ട് മണ്ഡങ്ങളിലും സാന്പത്തികമായ ഒരു സഹായവും പാർട്ടി നൽകിയില്ല. വ്യാപകമായി തെരഞ്ഞടുപ്പ് ഫണ്ട് പിരിച്ചിട്ടുമുണ്ട്.
പലതും പറയാനുണ്ട്. വരും ദിവസങ്ങളിൽ പറയുമെന്ന് മോഹനൻ അനുകൂലിയിലെ പ്രമുഖ നേതാവ് രാഷ്്ട്രദീപികയോട് പറഞ്ഞു.ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ്് എം.വി.ശ്രേയാംസ് കുമാർ എംപിയും സിപിഎം നേതൃത്വവും തമ്മിൽ ഉണ്ടാക്കിയ രഹസ്യ ധാരണയാണ് കെ.പി മോഹനന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചതെന്നാണ് എൽജെഡിയിലെ മോഹനൻ അനുകൂലികൾ പറയുന്നത്.
തെരഞ്ഞെടുപ്പിന് മുന്പ് കെ.പി. മോഹനൻ ജയിക്കണം, ശ്രേയാംസ് കുമാർ തോൽക്കണം, ഇടതു മുന്നണി അധികാരത്തിൽ വരണം എന്നായിരുന്നു മോഹനൻ അനുകൂലികൾ രഹസ്യമായി ഉയർത്തിയ മുദ്രാവാക്യമെന്ന് ശ്രേയാംസ് കുമാർ വിഭാഗം പറയുന്നു .
ശ്രേയാംസ് കുമാറിന്റെ തോൽവിക്കു പിന്നിൽ മോഹനൻ അനുകൂലികളുടെ കരങ്ങളുണ്ടെന്നാണ് ശ്രേയാംസ് കുമാർ വിഭാഗം ആരോപിക്കുന്നത്. വിവാദം കൊടുന്പിരി കൊള്ളുന്പോഴും കെ.പി മോഹനൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പാർട്ടി പ്രസിഡൻറും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ചാനൽ ചർച്ചകളിൽ വർഗീസ് ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും കഴിയുന്നില്ല.ജനതാദളുകൾ ലയിക്കാൻ പറയാൻ സിപിഎമ്മിന് എന്ത് അധികാരമാണുള്ളതെന്നാണ് എൽജെഡി പ്രവർത്തകർ ചോദിക്കുന്നത്.
ഒരേ ആശയത്തിൽ പ്രവർത്തിക്കുന്ന സിപിഎമ്മും സിപിഐയും ലയിച്ച് മാതൃക കാണിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഇടതു മുന്നണിയിലെ കേരള കോണ്ഗ്രസുകളും ഒന്നിക്കട്ടെ എന്നിട്ടാകാം ജനതാ ദളുടെ ലയനമെന്നും ഇക്കൂട്ടർ പറയുന്നു.