പ്രബൽ ഭരതൻ
കോഴിക്കോട്: വർഷങ്ങളായി കേരളത്തിൽ രുണ്ടു തട്ടിലായി നിൽക്കുന്ന ജനതാ പാർട്ടികൾ ഒന്നിക്കാൻ ധാരണയായി. എം.വി. ശ്രേയാംസ്കുമാർ നേതൃത്വം നൽകുന്ന ലോകതാന്ത്രിക് ജനതാദൾ (എൽജെഡി), ജനതാദൾ (എസ്) എന്നിവ ലയിച്ച് ഒന്നാകാനാണ് ധാരണയായത്.
എൽജെഡി ജെഡിഎസിൽ ലയിച്ച് ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചർച്ച വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും അന്തിമ ധാരണയിലേക്ക് ഇപ്പോഴാണ് എത്തിച്ചേരാൻ സാധിച്ചത്.
നിലവിൽ എൽജെഡി മുന്നോട്ട് വച്ച ആവശ്യങ്ങൾ ജെഡിഎസ് ഒരു പരിധി വരെ അംഗീകരിച്ചതോടെയാണ് ലയനത്തിന് വഴി തെളിഞ്ഞത്.
എൽജെഡി ജെഡിഎസിൽ ലയിക്കുന്നതോടെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം ആർക്കെന്ന ചോദ്യമായിരുന്നു ഇരു പാർട്ടികളും ഉന്നയിച്ചിരുന്നത്.
അതൊടൊപ്പം മന്ത്രി പദവും ചർച്ചയായിരുന്നു. പാർട്ടി പ്രസിഡന്റ് സ്ഥാനവും മന്ത്രിസഭയിലെ ഏക പ്രതിനിധിയായ മന്ത്രിയും ജെഡിഎസിന് തന്നെ വേണമെന്ന ആവശ്യമാണ് ജെഡിഎസ് നേതാക്കൾ ഉന്നയിച്ചിരുന്നത്.
ഇത് എൽജെഡി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ലയനത്തിനുള്ള പ്രധാന തടസങ്ങൾ എല്ലാം തന്നെ നീങ്ങി.സംസ്ഥാന സെക്രട്ടറി ജനറൽ സ്ഥാനവും സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനവും എൽജെഡിക്ക് നൽകാനും ധാരണയായിട്ടുണ്ട്.
ഇനി തീരുമാനമാവാനുള്ളത് പാർലിമെന്ററി ബോർഡ് ചെയർമാൻ സ്ഥാനമാണ്. അതിന് ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ജെഡിഎസ് സംസ്ഥാന ഭാരവാഹി യോഗത്തിൽ തീരുമാനമാകും.
14 ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിലും തീരുമാനമായിട്ടുണ്ട്. ഏഴ് ജില്ലാ പ്രസിഡന്റുമാർ വീതം ഇരുപാർട്ടികൾക്കും ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണ.
എന്നാൽ എൽജെഡിക്ക് ഏഴ് ജില്ലാ പ്രസിഡന്റുമാരെ നൽകേണ്ടതുണ്ടോ എന്ന് ഇന്നത്തെ ജെഡിഎസ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
ഇന്നത്തെ യോഗത്തിൽ ലയന തിയതിയും തീരുമാനിക്കും. എത്രയും പെട്ടെന്നുതന്നെ ലയന സമ്മേളനം നടത്തും. എം.വി. ശ്രേയാംസ്കുമാർ എച്ച്.ഡി. ദേവഗൗഡയുമായി നേരത്തെ നടത്തിയ ചർച്ചയിലും ലയനം ഉടൻ നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ദേവഗൗഡയുടെ തിയതി കൂടി ലഭിച്ച ശേഷമാകും ലയനസമ്മേളന തിയതി പ്രഖ്യാപിക്കുക എന്ന് എൽജെഡി, ജെഡിഎസ് നേതാക്കൾ അറിയിച്ചു.