മാന്നാർ: ലോക് താന്ത്രിക് ജനതാദൾ വിമത പക്ഷം ജില്ലയിൽ വിളിച്ച് ചേർത്ത യോഗത്തിലും ചേരിതിരിവ് .
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സംസ്ഥാന സെക്രട്ടറി ഷെയ്ക് പി ഹാരീസിന്റെ നേതൃത്വത്തിലാണ് സ്വന്തം ജില്ലയായ ആലപ്പുഴയിൽ കഴിഞ്ഞ ദിവസം യോഗം വിളിച്ച് ചേർത്തത് .
പാർട്ടി സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ്കുമാറിനെയും സംസ്ഥാന നേതൃത്വത്തെയും പിന്തുണയ്ക്കുന്ന പ്രബല വിഭാഗം ജില്ലയിൽ ശക്തിപ്പെട്ടത് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വിമതയോഗം വിളിച്ചുചേർത്തതെന്നാണറിയുന്നത്.
നിലവിലെ പാർട്ടി ജില്ലാ പ്രസിഡന്റിന്റെ അനാരോഗ്യം നിമിത്തം അദ്ദേഹത്തെ നീക്കം ചെയ്ത് സ്വന്തക്കാരനെ പകരം പ്രസിഡന്റാക്കാനും പിന്നീട് ജനതാദൾ എസിൽ ലയിക്കണമെന്നും ഷെയ്ക് പി ഹാരീസ് അഭിപ്രായപ്പെട്ടതോടു കൂടിയാണ് ചേരിതിരിവ് ഉണ്ടായതത്രേ.
യോഗത്തിൽ പങ്കെടുത്തവർ തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയും വാഗ്വാദവും ഉണ്ടായെന്നാണ് സൂചന.
ലയനത്തെ എതിർത്ത്
പാർട്ടി സംസ്ഥാന പ്രസിഡൻ്റിനെ ഷെയ്ക് പി. ഹാരീസ് കടുത്ത ഭാഷയിൽ വിമർശിച്ചതിനെയും ജെഡിഎസ് ലയനമെന്ന ആശയത്തെയും പങ്കെടുത്തതിൽ ഭൂരിപക്ഷം അംഗങ്ങളും എതിർത്തു.
ആലപ്പുഴ ജില്ലയുടെ ചാർജുള്ള പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂരിനെ യോഗം അറിയിക്കാതിരുന്നതിനെയും ജില്ലയിലെ മുതിർന്ന സംസ്ഥാന നേതാക്കളെയും ജില്ലാ ഭാരവാഹികളെയും നിയോജകമണ്ഡലം പ്രസിഡന്റുമാരെയും യോഗത്തിൽ കാണാതിരുന്നതിനെയും അംഗങ്ങൾ ചോദ്യം ചെയ്തു.
പുറത്താക്കണമെന്ന്
കഴിഞ്ഞ 2 മാസമായി സംസ്ഥാനത്തുടനീളം നടന്ന് വിമതയോഗങ്ങൾ വിളിച്ചു ചേർക്കുകയും സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്ന ഷെയ്ക് പി ഹാരീസിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ ആലപ്പുഴ ജില്ലയിലെ ഔദ്യോഗിക വിഭാഗം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഒപ്പം നിന്ന ചില സംസ്ഥാന നേതാക്കൾ പിന്നീട് ഷെയ്ക്കിനെ വിട്ട് സംസ്ഥാന നേതൃത്വത്തോടൊപ്പം എത്തിച്ചേർന്നത് വിമതർക്ക് തിരിച്ചടിയായി.
പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടു പോയ വിമത വിഭാഗം പുറത്താക്കൽ നടപടി വരുന്നതിന് മുൻപ് ഷെയ്ക് പി ഹാരീസിന്റെ നേതൃത്വത്തിൽ ജനതാദൾ എസിൽ ലയിക്കാൻ തയാറെടുക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സ്വന്തം ജില്ലയിൽ സംസ്ഥാന നേതൃത്വം അറിയാതെ യോഗം വിളിച്ചതെന്നാണ് എതിർ പക്ഷത്തിൻ്റെ ആരോപണം.